print edition കുട്ടികളോടുള്ള ജാതിവിവേചനം: വി മുരളീധരന്റെ തൊട്ടുകൂടായ്മയിൽ പ്രതിഷേധം ശക്തം

കുട്ടികൾക്ക് മിഠായി മേശപ്പുറത്തേക്ക് തട്ടിയിട്ട് കൊടുക്കുന്ന വി മുരളീധരൻ എംഎൽഎ

സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:00 AM | 3 min read
കഴക്കൂട്ടം : കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകിയ ബിജെപി എംഎൽഎ വി മുരളീധരന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശം.
കുട്ടികളുടെ കൈയിലേക്ക് മിഠായി നൽകാതെ കവർ പൊട്ടിച്ച് മേശപ്പുറത്ത് തട്ടിയശേഷം എടുത്തുകഴിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ മന്ത്രി കെ എ തുളസിയും കലക്ടർ അനിതകുമാരിയും നോക്കിനിൽക്കുമ്പോഴാണ് മുരളീധരന്റെ വിവേചനപരമായ പെരുമാറ്റമുണ്ടായത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പരിപാടിയിൽ അധ്യക്ഷനായിരുന്നു എംഎൽഎകൂടിയായ മുരളീധരൻ.
വാർത്തയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊതുസമൂഹം മുരളീധരനെതിരെ കടുത്ത വിമർശമാണ് ഉന്നയിക്കുന്നത്. കുഴികുത്തി കഞ്ഞിവിളമ്പുന്ന പഴയ ജന്മിക്കാലം പുനരാവിഷ്‌കരിക്കാനാണോ നീക്കമെന്നും മിഠായി കുഞ്ഞുങ്ങളുടെ കൈയിൽകൊടുത്താൽ എന്ത് പറ്റുമായിരുന്നുവെന്നും സമൂഹം ചോദിക്കുന്നു.
നിയമസഭാ സമിതിക്ക് പരാതി നൽകും: കെഎസ്‌കെടിയു
കട്ടേല ഗവ. അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ എല്‍പി സ്കൂളിൽ പ്രവേശനോത്സവവേളയില്‍ ബിജെപി എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പിഞ്ചുകുട്ടികളോടുകാണിച്ച ജാതി വിവേചനത്തിലും അധിക്ഷേപത്തിലും നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നൽകുമെന്ന് കെഎസ്‌കെടിയു. എംഎല്‍എയ്‌ക്കെതിരെ പട്ടികജാതി-–വര്‍ഗ പീഡന നിരോധന നിയമപ്രകാരം സർക്കാർ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അധ്യയന വര്‍ഷത്തിന്റെ ആദ്യദിവസം കുരുന്നുകൾക്ക്, കോഴികള്‍ക്ക് തീറ്റ നല്‍കുംപോലെ മിഠായി വിതറി നല്‍കിയത് മനുഷ്യത്വരഹിതമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പോലുള്ള ജാതി ജീര്‍ണതകളെ തിരിച്ചുകൊണ്ടുവരുന്ന ചിന്താഗതിയാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സിന്റേയും സമത്വത്തിന്റേയും നഗ്നമായ ലംഘനമാണിത്.
പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളെ രണ്ടാംകിടക്കാരായി കാണുന്ന സംഘപരിവാറിന്റെ മനസ്സിന്റെ പ്രതിഫലനമാണ് മുരളീധരനില്‍നിന്നുണ്ടായത്. തന്റെ സാന്നിധ്യത്തിലാണ് ഇത് നടന്നതെങ്കിലും ഒരു വാക്കുകൊണ്ടുപോലും പ്രതികരിക്കാന്‍ പട്ടികജാതി– വർഗ ക്ഷേമമന്ത്രി കെ എ തുളസി തയ്യാറായില്ല എന്നത്, ബിജെപി– യുഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവാണ്. സാമൂഹിക സമത്വത്തിനുവേണ്ടി പ്രയത്‌നിക്കുന്ന എല്ലാ മനുഷ്യ സ്‌നേഹികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കെഎസ്‌കെടിയു അഭ്യര്‍ഥിച്ചു.
വി മുരളീധരൻ കുട്ടികളോട് മാപ്പ് പറയണം: എ എ റഹിം
നീട്ടിയ കുഞ്ഞുകരങ്ങളിലേക്ക് മിഠായി നൽകുന്നതിനുപകരം ഡെസ്‌ക്കിൽ എറിഞ്ഞുകൊടുത്ത വി മുരളീധരൻ എംഎൽഎ കട്ടേല മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളോടും കേരളത്തോടും നിരുപാധികം മാപ്പുപറയണമെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി എ എ റഹിം. എംഎൽഎയുടെ മനസ്സിൽ മനുസ്‌മൃതിയാണ്.
പൊതുമധ്യത്തിൽ കുട്ടികളെ അപമാനിച്ച ത് മാന്യതയില്ലാത്തതും സംഭവിക്കാൻ പാടില്ലാത്തതുമാണ്. അയിത്തം ആഘോഷമാക്കുന്നവർക്കേ ഇങ്ങനെ പെരുമാറാൻ കഴിയൂ. മനുസ്‌മൃതിയല്ല, അംബേദ്‌കറും ഭരണഘടനയുമാണ് കുട്ടികളുടെ വഴിവിളക്കെന്നും റഹിം പറഞ്ഞു.
അപലപനീയം: വി ശിവൻകുട്ടി
കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികളോട് വി മുരളീധരൻ എംഎൽഎ കാണിച്ച വിവേചനപരമായ നടപടി പ്രതിഷേധാർഹവും ലജ്ജാവഹവുമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പട്ടികജാതി,- പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽവച്ച്, അവിടുത്തെ വിദ്യാർഥികളെ ഇത്രത്തോളം അവഹേളിക്കാൻ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു. പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി നൽകുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയിൽ മേശപ്പുറത്തേക്ക് തട്ടിയിട്ട് അത് എടുത്തുകഴിക്കാൻ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സിൽ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, നടപടിയെ തടയാനോ തിരുത്താനോ തയ്യാറായില്ല. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണ്. സംഭവത്തിൽ എംഎൽഎ മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
കുട്ടികളോടുള്ള ചാതുർവർണ്യ സമീപനം പ്രാകൃതം: ബാലസംഘം
കുട്ടികൾക്കുനേരെയുള്ള ചാതുർവർണ്യ സമീപനം പ്രാകൃതമാണെന്നും ജനാധിപത്യ സമൂഹത്തിലെ ജനപ്രതിനിധികൾക്ക് അപമാനമായ ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎയ്ക്കെതിരെ പ്രതിഷേധമുയരണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി.
ജാതീയവും മതപരവും സാമ്പത്തികവുമായ വേർതിരിവുകളെ ഇല്ലാതാക്കി, എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം നേടാനാവുന്നതിന്റെ കേരള മോഡൽ ആഘോഷംകൂടിയാണ് സ്കൂൾ പ്രവേശനോത്സവങ്ങൾ. ഇതിന്റെ ഭാഗമായാണ് കട്ടേല അംബേദ്കർ മെമ്മോറിയൽ ട്രൈബൽ എൽപി സ്കൂളിലെത്തിയ വി മുരളീധരൻ കേരളം നേടിയെടുത്ത സംസ്കാരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മിഠായി കൈയിൽ കൊടുക്കുന്നതിനുപകരം ഡെസ്കിൽ വിതറിക്കൊടുക്കുന്ന കാഴ്ച പ്രാകൃതകാലത്തെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഓർമപ്പെടുത്തുന്നതാണ്.
ജാതി മേധാവിത്വം ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന്റെ തെളിവായാണ് മന്ത്രി തുളസിയുടെ ചിരിയെ നോക്കിക്കാണേണ്ടത്. പുതിയകാലത്തും ഈ വിമർശനാത്മക ചിന്ത ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഹീനവും പ്രതിഷേധാർഹവും: ഡിവൈഎഫ്‌ഐ
തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കൈയിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി മുരളീധരന്റെ നടപടി ഹീനവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്.
ദളിത് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികളോട് വി മുരളീധരൻ കാണിച്ചത് ജാതീയ വിദ്വേഷമുയർത്തുന്ന വിവേചനപരമായ പെരുമാറ്റമാണ്. എംഎൽഎയുടെ നടപടി നോക്കിനിന്ന ഉദ്‌ഘാടകയായ മന്ത്രി കെ എ തുളസി അത് തടയാനും തിരുത്തിക്കാനും തയ്യാറാകാത്തത് ഖേദകരമാണ്.
ബിജെപിയും ആർഎസ്എസും മുന്നോട്ടുവയ്ക്കുന്ന സവർണ ഹൈന്ദവതയിലൂന്നിയ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ് വി മുരളീധരന്റെ പ്രവൃത്തിയിലൂടെ കാണുന്നത്.
സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ദളിത് വിഭാഗത്തിലെ വിദ്യാർഥികളെ അപമാനിച്ച വി മുരളീധരൻ മാപ്പുപറയണമെന്നും അദ്ദേഹത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
എകെഎസ് പ്രതിഷേധിച്ചു
ശ്രീകാര്യം കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവദിവസം ബിജെപി എംഎൽഎ വി മുരളീധരൻ കുട്ടികൾക്കുനേരെ നടത്തിയ വർഗീയ വേർതിരിവിൽ എ കെ എസ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
മന്ത്രി കെ എ തുളസി ഇതിനെല്ലാം മൂകസാക്ഷിയായി എന്നത് കോൺഗ്രസിന്റെ മറവിൽ ബിജെപി നടത്തുന്ന വർഗീയ ഫാസിസത്തിന് തെളിവാണെന്നും ജില്ലാ സെക്രട്ടറി വി രമേഷ് പറഞ്ഞു.











0 comments