"ഞങ്ങളെ ചേർത്തുപിടിച്ചവരാണ്, ഞങ്ങൾക്ക് അവരെ കാണാൻതോന്നി"; മാധ്യമപ്രവർത്തകയുടെ അധിക്ഷേപത്തിൽ മുണ്ടക്കൈ ദുരന്തബാധിതർ

സ്മൃതി പരുത്തിക്കാട് (ഇടത്), മുണ്ടക്കൈ ദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയന മന്ത്രി കെ രാജനെ കാണാനെത്തിയപ്പോൾ (വലത്)
തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ ചാനൽചർച്ചയ്ക്കിടെ അധിക്ഷേപിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ രൂക്ഷവിമർശനം. റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടാണ് ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് പരിപാടിയിൽ കഴിഞ്ഞദിവസം ദുരന്തബാധിതരെ രൂക്ഷമായ ഭാഷയിൽ അവഹേളിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യുമന്ത്രി കെ രാജനെയും കാണാൻ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുണ്ടക്കൈയിൽനിന്നും 13 അംഗ സംഘം എത്തിയിരുന്നു. ഏറ്റവും കഷ്ടതയേറിയ നാളിൽ ചേർത്തുനിർത്തിയ സംസ്ഥാന സർക്കാരിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാനായിരുന്നു അവർ വയനാടൻ ചുരമിറങ്ങി വന്നത്.
ദുരന്തബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പിണറായി കൺവൻഷൻ സെന്ററിൽ എത്തിയപ്പോൾ
മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ അതിജീവിച്ചവർ കെ രാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാനെത്തിയപ്പോൾ. ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട അവന്തിക മന്ത്രിക്കൊപ്പം
എന്നാൽ ദുരന്തബാധിതർ എത്തിയത് നാടകമാണെന്നായിരുന്നു സ്മൃതിയുടെ അധിക്ഷേപം. 13 പേരെയും പ്ലാൻ ചെയ്ത് കൊണ്ടുവന്നതാണെന്നും സ്മൃതി ആക്ഷേപിച്ചു. ദുരന്തബാധിതരെ അപമാനിക്കരുതെന്ന് ചർച്ചയിൽ പങ്കെടുത്ത സഹപ്രവർത്തകൻ പറഞ്ഞിട്ടും സ്മൃതി കേൾക്കാൻ പോലും തയ്യാറായില്ല.
മാധ്യമപ്രവർത്തകയുടെ പരാമർശത്തിനെതിരെ മുണ്ടക്കൈയിലെ ദുരന്തബാധിതർ തന്നെ രംഗത്തെത്തി. "ഞങ്ങളിപ്പോ മരിച്ച് ജീവിക്കുന്ന ജീവച്ഛവങ്ങളാണ്. ഞങ്ങളെക്കുറിച്ച് ഓരോ വേണ്ടാതീനങ്ങൾ ചാനലിലൂടെ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമമുണ്ട്. നമ്മളെ ചേർത്തുപിടിക്കുന്നവരെയല്ലെ നമ്മൾ സ്നേഹിക്കുന്നത്. അവരെ നേരിട്ട് കാണാൻതോന്നി. അങ്ങനെയാണ് മുഖ്യമന്ത്രിയെയും റവന്യുമന്ത്രിയെയും കാണാൻതോന്നിയതും പോയതും. വേറെ ആരും ഞങ്ങളെ നിർബന്ധിച്ചിട്ടില്ല."- ദുരന്തത്തിൽ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയനയും ഭർത്താവും വിതുമ്പിക്കൊണ്ട് പറഞ്ഞു.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്, വല്ലാത്ത വേദന അനുഭവിക്കുന്നവരെ ആക്ഷേപിക്കാൻ മനുഷ്യപ്പറ്റില്ലാത്തവർക്കെ സാധിക്കൂ എന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
ദുരന്തബാധിതർക്കെതിരായ അധിക്ഷേപത്തിൽ മാധ്യമപ്രവർത്തകയോ റിപ്പോർട്ടർ ടിവിയോ പിന്നീട് പ്രതികരിച്ചിട്ടില്ല.










0 comments