'ഓർമ്മകൾ സിന്ദാബാദ്' രാജനും പടിക്കലും അരങ്ങിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട്

ഓർമ്മകൾ സിന്ദാബാദ് നാടകത്തിൽ നിന്ന്
തിരുവനന്തപുരം: ‘എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്’– കക്കയം ക്യാമ്പിൽ ഭരണകൂടം ക്രൂരമായി ഇല്ലാതാക്കിയ മകനെ തേടിനടന്ന ആ അച്ഛന്റെ ചോദ്യം ഇന്നും കേരള ചരിത്രത്തിൽ മുഴങ്ങുന്നുണ്ട്. രാജന്റെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും ആ അലയൊലി അടങ്ങിയിട്ടില്ല. നാടകങ്ങളിലൂടെയും സിനിമകളിലൂടെയുമൊക്കെ ഓരോ കാലഘട്ടത്തിലും രാജൻ മലയാളികളെ വന്നുതൊടുന്നു.
കൃത്യം ഇരുപതുവർഷം മുമ്പാണ് കക്കയം പൊലീസ് ക്യാമ്പിന്റെ ഭീകരത 'ഓർമ്മകൾ സിന്ദാബാദ്' ആയി മുഴക്കിയത്. 2006 ആഗസ്ത് 29ന് എറണാകുളം ഫൈൻആർട്സ് ക്ലബ്ബിൽ അടിയന്താരവസ്ഥ നാടകരൂപത്തിൽ പുനർജനിച്ചു. സദസ്സിനൊന്നാകെ കിരാതവാഴ്ചയുടെ നേർചിത്രം പങ്കവെയ്ക്കാൻ ഓർമ്മകൾ സിന്ദാബാദ് നാടകത്തിനായി.
പ്രൊഫ. ഈച്ചരവാര്യര്‍
2005ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം ഫോർട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തുടങ്ങി പിന്നോട്ട് കഥപറയുന്ന രീതിയിലായിരുന്നു നാടകം. 1976 മാർച്ച് രണ്ടിന് രാജൻ കൊല്ലചെയ്യപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന രാത്രിയിലാണ് കഥ എത്തിനിന്നത്. ജി അജയൻ എഴുതി സംവിധാനം ചെയ്ത നാടകത്തിൽ രാജന്റെ വേഷത്തിൽ ഷാബു മാധവനും ജയറാം പടിക്കലിന്റെ വേഷത്തിൽ സാലിഹ് റാവുത്തറും അരങ്ങിലെത്തി.
ഓർമ്മകൾ സിന്ദാബാദ് നാടകത്തിൽ നിന്ന്
ജയറാം പടിക്കലാകാൻ നടത്തിയ ഒരുക്കങ്ങൾ സാലിഹ് റാവുത്തർ ഇന്നും ഓർക്കുന്നു. ജയറാം പടിക്കലിന്റെ ടീമിൽ ചില അന്വേഷണങ്ങളിൽ ഉണ്ടായിരുന്ന മുൻ ഡിവൈഎസ്‍പിയും സഹോദരി ഭർത്താവുമായ കുഞ്ഞാലു സാഹിബിനടുത്താണ് കഥാപാത്രത്തെ കുറിച്ച് പഠിക്കാൻ എത്തിയത്. ‘നിന്റെ ഫിസിക്ക് അങ്ങേരുമായി മാച്ചാണ്. ചിരിക്കുന്ന പതിവില്ല. മീശ ഇത്ര നീട്ടി വളർത്തില്ല. വെട്ടിനിർത്തും. ചലനങ്ങൾക്ക് വേഗതയല്ല, ഭയം തോന്നിക്കുന്ന ഒരു സ്ലോനസ്സ് ആണ് ‘- ഇതായിരുന്നു കുഞ്ഞാലി സാഹിബിന്റെ മറുപടി. താൻ ഇക്കാര്യം പറഞ്ഞപ്പോൾ, സംവിധായകൻ പറഞ്ഞത് നമ്മൾ പൂർണ്ണമായി അനുകരിക്കുന്നില്ല സ്വതന്ത്രമായി ആവിഷ്കരിച്ചാൽ മതി എന്നായിരുന്നെന്നും സാലിഹ് ദേശാഭിമാനിയോട് പറഞ്ഞു. സൈലൻസ് കലസാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു നാടകം. രംഗനാഥൻ, പ്രതീപ് രാജ്, ജോഷി കൊരട്ടി, സീന ലെനിൻ, രതീഷ് വെണ്ണല, ജോഷി വലിയപറമ്പിൽ, ഇരുമ്പനം ഭാസി തുടങ്ങി നിരവധി പേർ നാടകത്തിൽ അണിനിരുന്നു.
പി രാജന്റെ രക്തസാക്ഷി മണ്ഡപം (ഇടത്), പി രാജൻ (വലത്)
ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ പൊലീസ് കക്കയം ക്യാമ്പിൽവെച്ച് നടത്തിയ ക്രൂരപീഡനത്തിലാണ് പി രാജൻ കൊല്ലപ്പെടുന്നത്. 1976 മാർച്ച് ഒന്നിന് പുലർച്ചെയാണ് അവസാനവർഷ എൻജിനിയറിങ്ബിരുദ വിദ്യാർഥി പി രാജനെയും ജോസഫ് ചാലിയെന്ന വിദ്യാർഥിയെയും കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയത്. കായണ്ണ പൊലീസ് സ്‌റ്റേഷനിലുണ്ടായ നക്സലൈറ്റ് ആക്രമണത്തിലുൾപ്പെട്ടെ ഒരു രാജനെ തേടിയാണ് പൊലീസ് എത്തിയതെന്ന് പറയുന്നു. ഡിഐജി ജയറാം പടിക്കലിന്റെ ചുമതലയിലുള്ള ക്യാമ്പിൽ ക്രൂരമർദ്ദനത്തിലും ഉരുട്ടലിലുമാണ് രാജൻ കൊല്ലപ്പെട്ടതെന്ന് സമാന ഭീകരത നേരിട്ടവർ പിന്നീട് വെളിപ്പെടുത്തി.










0 comments