ad
Deshabhimani

print edition അവയവക്കടത്ത്‌ റാക്കറ്റ്‌: അവയവം സ്വീകരിക്കുന്നവരിൽനിന്ന് 
മുഖ്യപ്രതികൾ വാങ്ങിയിരുന്നത്‌ 35 ലക്ഷം

organ trafficking
വെബ് ഡെസ്ക്

Published on Jun 22, 2026, 12:01 AM | 1 min read

കൊച്ചി: വ്യാജരേഖ ചമച്ച്‌ അവയവവിൽപ്പന നടത്തിയ കേസിൽ മുഖ്യപ്രതികൾ അവയവം സ്വീകരിക്കുന്നവരിൽനിന്ന് 20–35 ലക്ഷം രൂപയോ അതിൽക്കൂടുതലോ വാങ്ങിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) കണ്ടെത്തൽ. മുഖ്യപ്രതികളായ കാസർകോട് മേൽപ്പറമ്പിൽ വീട്ടിൽ കെ മുഹമ്മദ് നജീബ്, ഭാര്യ എ എ റഷീദ എന്നിവർചേർന്നാണ്‌ പണം വാങ്ങിയിരുന്നതെന്ന്‌ ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.


സംസ്ഥാന വ്യാപകമായി 18ന്‌ നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ, ആശുപത്രികളിൽ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ദാതാക്കളുടെയും സ്വീകർത്താക്കളുടെയും വിവരങ്ങൾ അടങ്ങിയ വിശദാംശങ്ങൾ, ജില്ലാ ഓതറൈസേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ച രേഖകൾ എന്നിവ പിടിച്ചെടുത്തു.


അനധികൃത അവയവക്കച്ചവടത്തിന് ഒത്താശചെയ്ത ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതികളുടെയും അവരുടെ കൂട്ടാളികളുടെയും പേരിലുള്ള ഭൂമി, വീടുൾപ്പെടെ സ്വത്തുക്കളുടെ വിശദാംശങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.


പ്രതികളുടെ നേതൃത്വത്തിൽ ‘കല്ലത്തറ മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഷെൽ കമ്പനിവഴി 2021നും 2026-നും ഇടയിൽ മാഫിയ പ്രവർത്തനം ആസൂത്രണം ചെയ്തതായി ഇഡി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ശൃംഖലയിലൂടെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദാതാക്കളെ ലക്ഷ്യമിട്ട് അഞ്ചുമുതൽ 15 ലക്ഷം രൂപവരെ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഇവർ വലയിലാക്കിയിരുന്നത്.


കേസിൽ ഇഡി കൊച്ചി സോണൽ ഓഫീസ് 18ന്‌ കേരളത്തിലെ ഒന്പത്‌ കേന്ദ്രങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പരിശോധനകൾ നടത്തിയിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.

പൊലീസിൽനിന്നുള്ള വ്യാജ ജീവകാരുണ്യ സർട്ടിഫിക്കറ്റുകൾ, ജനപ്രതിനിധികളുടെ ശുപാർശക്കത്തുകൾ, ആധാർകാർഡുകൾ, റേഷൻകാർഡുകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ പ്രതികൾ വ്യാജമായി നിർമിച്ചു. പള്ളിക്കര സൺ കമ്യൂണിക്കേഷൻസ് ഡിടിപി സെന്റർ, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിലാണ് വ്യാജരേഖകൾ നിർമിച്ചത്‌. അതിനുശേഷം, എറണാകുളത്തെ പ്രമുഖ ആശുപത്രികളിൽ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾക്ക് ഇവർ സൗകര്യമൊരുക്കിയതായും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home