കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്ക്യൂട്ട്'; ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ വിവിധ ഓഫീസുകളില്‍ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. 'ഓപ്പറേഷൻ ഷോർട്ട് സർക്ക്യൂട്ട്' എന്ന് പേരിട്ട പരിശോധനയിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകെട്ടും ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകളും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10.30 മുതൽ സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.
വിവിധ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി 16,50,000/- രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. കരാർ ജോലികളിൽ കൃത്യമായ പരിശോധന നടത്താതെ ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ബില്ലുകൾ പാസാക്കുന്നു.
ഇ-ടെണ്ടർ ഒഴിവാക്കാനായി വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു. ലൈസൻസ് ഇല്ലാത്തവർക്കും ഉദ്യോഗസ്ഥരുടെ ബിനാമികൾക്കും കരാറുകൾ നൽകുന്നു.
എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും മഫിംഗ് പോലുള്ള ജോലികൾ ഒഴിവാക്കിയും ക്രമക്കേട് നടത്തുന്നു. സ്ക്രാപ്പ് രജിസ്റ്റർ, ലോഗ് ബുക്ക്, വർക്ക് രജിസ്റ്റർ എന്നിവ പലയിടത്തും കൃത്യമായി സൂക്ഷിക്കുന്നില്ല എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ പല ഓഫീസുകളിലായി കണ്ടെത്തി.
വർക്കലയിലും പാറശ്ശാലയിലും സബ് എൻജിനീയർമാർ ഗൂഗിൾ പേ വഴി പതിനായിരങ്ങൾ കൈക്കൂലി വാങ്ങി. കരുനാഗപ്പള്ളി എ.ഇ 31,000/- രൂപയും അഞ്ചലിൽ രണ്ട് സബ് എൻജിനീയർമാർ അയ്യായിരം രൂപ വീതവും കൈപ്പറ്റി.
തിരുവല്ലയിൽ ഒരു ഓവർസീയറുടെ അക്കൗണ്ടിലേക്ക് കടയുടമ വഴി 1,67,000/- രൂപ എത്തി. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന് വിജിലൻസ് സംശയിക്കുന്നു. കട്ടപ്പനയിൽ അസിസ്റ്റന്റ് എൻജിനീയർ 2,35,700/- രൂപയും സബ് എൻജിനീയർമാർ നാൽപ്പതിനായിരത്തിലധികം രൂപയും കൈപ്പറ്റി.
തൃപ്പൂണിത്തുറയിൽ 12 വർക്കുകൾ ഒരേ കരാറുകാരന് തന്നെ നൽകി. ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്നും കണ്ടെത്തി. മഞ്ചേരി, നിലമ്പൂർ ഉൾപ്പെടെയുള്ള ഓഫീസുകളിൽ നിന്ന് കണക്കിൽപ്പെടാത്ത 34,000/- രൂപ പിടിച്ചെടുത്തു.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.










0 comments