print edition അന്ന് തടസ്സമായത് കോടതിവിധി

സുപ്രീംകോടതി
തിരുവനന്തപുരം : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തുണ്ടായിരുന്നത് ഫൈവ് സ്‌റ്റാർ കൂടാതെ 730 ബാറുകൾ. അതിൽ 418 എണ്ണം ലൈസൻസ് പുതുക്കാതിരുന്നത് സർക്കാർ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല. സിഎജി റിപ്പോർട്ടും സുപ്രീംകോടതിയുടെ അന്ത്യശാസനവും ജസ്‌റ്റിസ് രാമചന്ദ്രൻ കമീഷന്റെ നിർദേശങ്ങളുമായിരുന്നു കാരണം. എന്നാൽ, 312 ബാറുകൾക്ക് താഴിട്ടതിന് കാരണമായത് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനോടുള്ള വാശി.
ബാറുകൾ അടച്ചുപൂട്ടിയത് യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിലെ പാളിച്ചകൊണ്ടായിരുന്നു. ഇത്രയും ബാറുകളുടെ ലൈസൻസ് പുതുക്കാനാകാഞ്ഞിട്ടും ഫൈവ് സ്‌റ്റാറുള്ള 29 ബാറും ബിയറും വൈനും വിൽക്കുന്ന 813 ബാറും പ്രവർത്തിച്ചിരുന്നു. സർക്കാരിന്റെ 386 ചില്ലറ മദ്യവിൽപ്പനശാലകളും ഉണ്ടായിരുന്നു. 418 ബാറിൽ അടിസ്ഥാനസൗകര്യമില്ലെന്നും നിയമപ്രകാരമുള്ള തരംതിരിവില്ലെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തൽ. എന്നിട്ടും ലൈസൻസ് ഉമ്മൻ ചാണ്ടി സർക്കാർ നീട്ടിക്കൊടുത്തു. തുടർന്നാണ് പൊതുതാൽപ്പര്യഹർജികളിൽ 2014 മാർച്ച് അഞ്ചിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. അതോടെ ഏപ്രിൽ ഒന്നുമുതൽ ലൈസൻസ് പുതുക്കിനൽകാനായില്ല. കോടതിവിധിയുടെ അടുത്തദിവസം നിയമിച്ച ജസ്‌റ്റിസ് രാമചന്ദ്രൻ കമീഷനും ബാർ അടച്ചുപൂട്ടാൻ നിർദേശംനൽകി.
ടൂറിസം മേഖലയെ ബാധിക്കുന്നതിനാൽ ബാറുകൾ പൂട്ടുന്നതിനെതിരായിരുന്നു ഉമ്മൻ ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും. വീണ്ടും ആറു ബാറുകൾക്ക് അനുമതി നൽകിയതിനെ വി എം സുധീരൻ എതിർത്തതോടെയാണ് 312 ബാർകൂടി പൂട്ടാൻ 2014 ആഗസ്‌തിൽ തീരുമാനിച്ചത്.
ബാറുകൾ പൂട്ടിയത് സർക്കാരിന് 1800 കോടിയോളം നികുതിവരുമാനം നഷ്ടമാക്കി. ടൂറിസം മേഖലയിൽ രണ്ടായിരത്തിലേറെ കോടിയായിരുന്നു നഷ്ടം. സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. തൊഴിലാളികൾക്ക് പണിയില്ലാതായി. മയക്കുമരുന്നു വ്യാപനം ശക്തമാണെന്ന റിപ്പോർട്ടും വന്നു. ഇതേത്തുടർന്നാണ് 2017ൽ നിയന്ത്രണംപാലിച്ച് മൂന്നും നാലും അഞ്ചും സ്‌റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കിനൽകിയത്. ഇപ്പോൾ 896 ബാർ മാത്രമാണുള്ളത്.










0 comments