രാഹുൽ ഗാന്ധിയെ ബിജെപി പോലും വിമർശിക്കുന്നില്ല, പ്രശ്നം സിപിഐ എമ്മിന് മാത്രം; വിചിത്രവാദവുമായി പ്രേമചന്ദ്രൻ

ന്യൂഡൽഹി: രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന ബില്ലുകൾ പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി വിദേശത്ത് ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വിചിത്രവാദവുമായി എൻ കെ പ്രേമചന്ദ്രൻ എംപി. രാഹുൽ ഗാന്ധിയുടെ അഭാവത്തെ ബിജെപി പോലും വിമർശിക്കുന്നില്ലെന്നും സിപിഐ എമ്മിന് മാത്രമെന്താണ് പ്രശ്നമെന്നാണ് പ്രേമചന്ദ്രൻ മാധ്യമങ്ങളോട് ചോദിച്ചത്.
മൂന്നോ നാലോ ദിവസം പ്രതിപക്ഷ നേതാവ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശരാജ്യത്ത് പോയി എന്നത് വലിയൊരു പാതകമാണോ. കോൺഗ്രസിനെയും യുഡിഎഫിനെയും അപകീർത്തിപ്പെടുത്തി അതിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന പരീക്ഷണമാണ് നടത്തുന്നത്. രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എൻ കെ പ്രേമചന്ദ്രൻ എംപിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പ്രേമചന്ദ്രൻ ഗൃഹപാഠം ചെയ്യുന്ന നേതാവാണെന്നും എല്ലാവർക്കും മാതൃകയാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പാര്ലമെന്റ് ഹൗസിലെ ചായ സൽക്കാരത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.
കഴിഞ്ഞ ദിവസം കേരളത്തിലെ ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രേമചന്ദ്രൻ, സഹകരണമേഖലയിൽ ഇടപെടാൻ കേന്ദ്രത്തെ നിർബന്ധിക്കുന്ന ചോദ്യം ലോക്‌സഭയിൽ ഉന്നയിച്ചതും വിവാദമായിരുന്നു. കേരള സർക്കാരിന്റെ പദ്ധതികൾക്കായി കേരള ബാങ്കുൾപ്പെടെയുള്ള സഹകരണസംഘങ്ങളിലെ പണം ഉപയോഗിക്കുന്നത് ശ്രദ്ധയിലുണ്ടോ? പണം തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾഎന്തെല്ലാം? എന്നാണ് ഡിസംബർ 15ന് ലോക്‌സഭയിൽ നക്ഷത്രചിഹ്നമിടാത്ത 2511 നമ്പർ ചോദ്യമായി പ്രേമചന്ദ്രൻ ഉന്നയിച്ചത്.
അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ കേരളത്തിലെ എഎവൈ കാർഡുടമകൾക്കുള്ള അരിവിഹിതം കുറയ്‌ക്കുമോ എന്ന് പ്രേമചന്ദ്രനും കോഴിക്കോട് എംപി എം കെ രാഘവനും ചോദ്യമുയർത്തിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോൾ, അതിന് പിന്തുണ നൽകുന്ന ഇടപെടലുകളുമായി യുഡിഎഫ് എംപിമാർ സജീവമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.










0 comments