ഓൺലൈൻ ട്രേഡിങ്: 23-കാരൻ തട്ടിയത് 1.34 കോടി; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ പിടിയിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ റൂറൽ സൈബർ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്. കേസിൽ 10–ാം പ്രതിയാണ് സയ്യിദ്.
ഇക്കണോമിക്സ് ടൈംസ് പത്രത്തിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പിന് തുടക്കം. ഷെയർ ട്രേഡിങ് നടത്തുന്നതിന് വെബ് സൈറ്റ് ലിങ്കും ആവശ്യമായ നിർദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പരാതിക്കാരന് അയച്ചുനൽകി. ഇത് വിശ്വസിച്ച് പരാതിക്കാരൻ 2024 സെപ്തംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകുകയായിരുന്നു. എന്നാൽ, നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിൽ നിന്നുള്ള ലാഭവിഹിതമോ തിരികെ നൽകാതെ പ്രതികൾ തുക തട്ടിയെടുക്കുകയായിരുന്നു. തൃശൂർ റൂറൽ സൈബർ ക്രൈം സ്റ്റേഷൻ എസ്എച്ച്ഒ എ അഷറഫ്, ജിഎസ്ഐപി എസ് സുജിത്ത് കുമാർ, ജിഎഎസ്ഐ എ കെ മനോജ്, സിപിഒ പവിത്രൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.










0 comments