ഓൺൈലൻ ജോലി തട്ടിപ്പ്: മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ

ആലപ്പുഴ: ഓൺലൈൻ ജോബ് ടാസ്ക് എന്ന പേരിൽ തഴക്കര സ്വദേശിയുടെ 25,000 രൂപ തട്ടിയ കേസിൽ മഹാരാഷ്‌ട്ര സ്വദേശികൂടെ അറസ്റ്റിലായി. താനെ സ്വദേശി ആദിൽ അക്രം ഷെയ്ഖ് (30) നെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് മഹാരാഷ്ട്രയിലെ ഡോംഗ്രിയിൽനിന്നും സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. മറ്റൊരു പ്രതിയായ ഡൽഹി ഉത്തംനഗർ സ്വദേശി ആകാശ് ശ്രീവാസ്തവ (28)യെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഡൽഹി ഉത്തം നഗറിലുള്ള ബുദ്ധവിഹാർറിൽ നിന്നും നേരത്തെ അറസ്റ്റുചെയ്തിരുന്നു.
മാർക്കറ്റിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് ഇവർ വാട്സാപ്പ് വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയത്. ഓൺൈലൻ ടാസ്ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ് ലിങ്ക് അയച്ചുകൊടുത്തു. അതിൽ കാണുന്ന ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചു. തുടർന്ന് ഇൻവെസ്റ്റ്മെന്റ് എന്ന പേരിലും മറ്റും കാരണങ്ങൾ പറഞ്ഞും പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങി. ആദിൽ അക്രമിന്റെ പേരിലായിരുന്നു ബാങ്ക് അക്കൗണ്ട്. പ്രതിക്കെതിരെ 87 പരാതിയുണ്ട്. ഇതിൽ അഞ്ചെണ്ണം കേരളത്തിൽനിന്നാണ്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്‌പെക്ടർ ജെ രഞ്ജിത്, സീനിയർ സിപിഒ ബി ബിജു, സിപിഒമാരായ എസ് ആർ ഗിരീഷ്, ശരത് പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.









0 comments