ഓൺലൈൻ തട്ടിപ്പ്; ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ 9.5 ലക്ഷം തട്ടി, ബാങ്ക് ജീവനക്കാരന് നഷ്‌ടമായത് 25 ലക്ഷം

പ്രതീകാത്മകചിത്രം
ആലപ്പുഴ : സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് തുടരുന്നു. ആലപ്പുഴ ജില്ലയില്‍ രണ്ട് കേസുകളിലായി 32 ലക്ഷം രൂപയാണ് നഷ്ടമായത്. മകൾക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പൊലീസ് ഉദ്യോഗസ്ഥനിൽനിന്നാണ് ലക്ഷങ്ങൾ തട്ടിയത്. ഓൺലൈൻ ടാസ്‌ക്കുകൾ പൂർത്തിയാക്കി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ജീവനക്കാരനിൽനിന്ന് 25.02 ലക്ഷം തട്ടിയതായും പരാതി. പൊലീസ് ഉദ്യോഗസ്ഥനായ പുന്നപ്ര തെക്ക് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്‌മിതയ്ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. മകൾക്ക് ഖത്തർ വിമാന സർവീസിൽ ജോലി വാഗ്ദാനംചെയ്ത് പല ഘട്ടങ്ങളിലായി 9,56,500 രൂപ തട്ടിയെന്നാണ് പരാതി.
ബന്ധു മുഖാന്തരമാണ് പരാതിക്കാരൻ പ്രതിയെ പരിചയപ്പെടുന്നത്. ഖത്തർ വിമാന സർവീസിൽ എച്ച്‌ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ച പ്രതി അസി. എച്ച്‌ആറായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിച്ചത്. പ്രതി ആവശ്യപ്പെട്ട പ്രകാരം 2025 ജൂലൈ മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവിധ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. ഫെബ്രുവരിയിൽ പ്രതിയുടെ അമ്മയ്ക്ക് മൂന്നുലക്ഷം രൂപ നേരിട്ട് കൈമാറി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബാങ്ക് ജീവനക്കാരനായ മുതുകുളം സ്വദേശിക്കാണ് 25.02 ലക്ഷം നഷ്‌ടമായത്. ടെലിഗ്രാമിലൂടെ ‘ഹോട്ടൽ ടുനൈറ്റ്’ എന്ന കമ്പനിയുടെ പ്രതിനിധിയെന്ന പേരിൽ പരാതിക്കാരനുമായി ആശയവിനിമയം നടത്തിയ തട്ടിപ്പ് സംഘം ഹോട്ടൽ റൂം ബുക്കിങ് സംബന്ധമായ ഓൺലൈൻ ജോലികൾ പൂർത്തിയാക്കി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. നവംബർ 29 മുതൽ ഫെബ്രുവരി ഒമ്പതുവരെ 21 തവണയായി 25, 02,572 രൂപ വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്തു. പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ വൈകി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










0 comments