സ്‌കൂൾ തുറക്കാൻ ഒരാഴ്‌ച; 10 വർഷം പരിചയമുള്ള ഡ്രൈവർമാർ വേണമെന്ന് നിർദേശം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on May 24, 2026, 07:13 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരാഴ്ചമാത്രം ശേഷിക്കേ സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാരെ നിയമിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസവകുപ്പ്. സ്‌കൂൾ വാഹന ജീവനക്കാരെ നിയമിക്കുന്നതിനുമുമ്പ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്കൂൾ വാഹന സേവനത്തിൽനിന്ന് പൂർണമായും ഒഴിവാക്കണം.
മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസുകളിൽ ഉൾപ്പെട്ടവർ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, ഗുരുതര ട്രാഫിക് നിയമലംഘന ചരിത്രമുള്ളവർ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. പിസിസി ഇല്ലാത്ത ജീവനക്കാരെ വാഹനങ്ങളിൽ നിയമിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മറ്റ് നിർദേശങ്ങൾ
• ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം
• വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്ന് മാസത്തിലൊരിക്കൽ മോട്ടോർ വാഹനവകുപ്പ് പരിശോധിക്കണം
• എല്ലാ സ്കൂൾ വാഹനങ്ങളിലും പരിശീലനം ലഭിച്ച വനിതാ അറ്റൻഡർമാരുടെ സാന്നിധ്യം ഉറപ്പാക്കണം
• കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യൽ, പ്രാഥമികശുശ്രൂഷ നൽകൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ പരിചരണം എന്നീ വിഷയങ്ങളിൽ ജീവനക്കാർക്ക് കാലാനുസൃത പരിശീലനങ്ങൾ ഉറപ്പുവരുത്തണം
• സ്പീഡ് ഗവർണർ, സിസിടിവി കാമറകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പുവരുത്തണം
• പ്രൊഫഷണൽ കഴിവ്, മുൻകാല ഡ്രൈവിങ് ചരിത്രം, സാമൂഹിക പെരുമാറ്റം എന്നിവ നിർബന്ധമായും വിലയിരുത്തിയശേഷംമാത്രം നിയമനം നടത്തണം
• വാഹനങ്ങളിൽ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഉണ്ടെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം
• ‘വിദ്യ വാഹൻ' ആപ് വഴി വാഹനത്തിന്റെ ലൈവ് ലൊക്കേഷൻ രക്ഷകർത്താക്കൾക്ക് ട്രാക്ക് ചെയ്യുന്ന സംവിധാനം എല്ലാ സ്കൂൾ വാഹനങ്ങളിലും ഉണ്ടാകണം
• സ്‌കൂൾ തുറക്കുന്നതിനുമുമ്പായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് ബോധവൽക്കരണം നൽകണം.











0 comments