ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലം
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഒരാൾ കൂടി മരിച്ചു. ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ എന്നയാളാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഉണ്ണികൃഷ്ണൻ. ഉണ്ണികൃഷ്ണന് 70 ശതമാനത്തിലേറെ പൊള്ളൽ ഏറ്റിരുന്നുവെന്നാണ് സൂചന.
ചൊവ്വാഴ്ച പകൽ 3.20 ഓടെ തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.
ഭൂകമ്പത്തിനു സമാനമായ ശബ്ദമാണ് പ്രദേശത്തുണ്ടായത്. പിന്നെ കണ്ടത്ത് ഒരു തീഗോളം തന്നെയായിരുന്നു. പ്രദേശമാകെ വാനോളം തീ ഉയർന്നു. ഒപ്പം വെടിക്കോപ്പുകളെല്ലാം പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ അഞ്ച് കിലോമീറ്ററിനപ്പുറം വരെ അപകടത്തിന്റെ പ്രകമ്പനമുണ്ടായി. ബോംബ് സ്‌ഫോടനത്തിന് സമാനമായ പൊട്ടിത്തെറിയാണ് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായത്. തുടർന്ന് പുറന്തള്ളിയ മർദത്തിലാണ് ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയത്. വായു നിൽക്കുന്ന ശരീര ഭാഗങ്ങൾക്കാണ് ഇതിന്റെ ആഘാതം കൂടുതലുണ്ടായത്. അവയവങ്ങൾ ഇൗ മർദത്തിൽ പൊട്ടിത്തെറിച്ചു. ഇതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്.
വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ അവിടെയുണ്ടായിരുന്ന തൊഴിലാളികൾ വളരെ ദൂരത്തേക്ക് എടുത്ത് എറിയപ്പെടുകയായിരുന്നു. മരിച്ചവരിൽ അധികംപേരുടെയും ശ്വാസകോശം തകർന്നതായും വയർ പൊട്ടിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് മരണത്തിനും അതീവ ഗുരുതര പരിക്കിനും ഇടയാക്കിയത്.
ഇതിനൊപ്പം തീപ്പൊള്ളൽ കൂടിയായപ്പോൾ ചികിത്സയും ദുഷ്‌കരമായി. വെടിക്കോപ്പ് നിർമാണത്തിനായി നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചതാണ് ഇത്രയും ഭീകരമായ പൊട്ടിത്തെറിക്ക് വഴിവച്ചതെന്നാണ് കരുതുന്നത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗത്തിന്റെ തെളിവുകൾ അന്വേഷകസംഘത്തിന് കിട്ടിയിട്ടുണ്ട്. അനുവദിച്ചതിലും വലിയ തോതിൽ വെടിമരുന്ന് സംഭരിച്ചതും പൊട്ടിത്തെറിയുടെ വ്യാപ്‌തി വർധിപ്പിച്ചു.










0 comments