അലുവ അതുൽ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ

അലുവ അതുൽ
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി അലുവ അതുൽ കൊലപാതകക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കടത്തൂർ സ്വദേശി അജ്മലാണ് പിടിയിലായത്. പ്രതികളിൽ ചിലർ രക്ഷപ്പെടാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മൽ. കേസിൽ ഇതുവരെ പിടിയിലായത് 13 പ്രതികളാണ്.
അലുവ അതുൽ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗത കുറക്കുക എന്നതായിരുന്നു സ്വിഫ്റ്റ് കാറിന്റെ ഉദ്ദേശം. സംഭവസമയത്ത് സ്വിഫ്റ്റ് കാർ മുന്നിലും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ അതുലിന് പിന്നാലെ ഇന്നോവ കാറിലുമായാണ് എത്തിയത്. സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മൽ. അലുവ അതുൽ കൊലപാതകത്തിൽ ഗൂഢാലോചനയിലും അജ്മൽ പങ്കാളിയാണ്. സംഭവ സമയത്ത് അജ്മൽ വാഹനത്തിൽ ഉണ്ടായിരുന്നു.
അതേസമയം, അറസ്റ്റിലായ ഷാൻ മോൻ, അൻഷാദ് എന്നിവരുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതായാണ് റിപ്പോർട്ട്. കൊലപാതകത്തിന് ഇന്നോവ വാഹനം നൽകി സഹായിച്ചത് ഷാൻമോനാണെന്ന് സമ്മതിച്ചിട്ടുണ്ട്. അതുൽ ജയിലിൽ നിന്നിറങ്ങിയാൽ തന്നെ വകവരുത്തുമെന്നും അതുകൊണ്ട് അലുവ അതുൽ മരിക്കേണ്ടത് തന്റെ കൂടി ആവശ്യമായിരുന്നുവെന്നും കായംകുളം സ്വദേശി ഷാൻമോൻ മൊഴി നൽകി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തിൽ എത്രയും വേഗം ബാക്കി പ്രതികളെയും പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ജിം സന്തോഷ് വധക്കേസിലും 90 ദിവസത്തിന് മുമ്പ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മാർച്ച് 14 നാണ് അലുവ അതുലിനെ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളായ വയനകം സംഘവും കടത്തൂർ സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുന്നത്.










0 comments