'തൊട്ടാൽ പൊള്ളും' യാത്രാക്കൂലി; ഓണത്തിന് നാടണയാൻ നെട്ടോട്ടമോടി മറുനാടൻ മലയാളി

AI പ്രതീകാത്മക ചിത്രം / Gemini
തിരുവനന്തപുരം: ഓണക്കാലത്ത് എങ്ങനെ നാട് പിടിക്കുമെന്ന് അറിയാതെ മറുനാടന്‍ മലയാളികള്‍ നെട്ടോട്ടത്തില്‍. വിവിധ യാത്രാ സംവിധാനങ്ങള്‍ക്കുള്ള ഉയര്‍ന്ന നിരക്കാണ് നാട്ടിലെത്തി ഓണമുണ്ണാനുള്ള ആഗ്രഹത്തിന് വിലങ്ങാകുന്നത്. നാട്ടിലേക്കുള്ള ട്രെയിനിനും ഫ്ലൈറ്റിനും ബസ്സിനും ടിക്കറ്റില്ല. എങ്ങനെയെങ്കിലും ടിക്കറ്റ് എടുക്കാമെന്ന് വെച്ചാല്‍ താങ്ങാനാകാത്ത നിരക്കാണ് ചോദിക്കുന്നത്.
ട്രെയിൻ ടിക്കറ്റുകൾ വെയിറ്റിങ്ങിൽ
മറുനാടൻ മലയാളികൾ നാട്ടിലേക്ക് എത്താൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. തിരുവോണത്തിന്റെ അന്ന് രാവിലെയും തലേന്നുമൊക്കെ കേരളത്തിലേക്ക് എത്തുന്ന ട്രയിനുകളിൽ ഒന്നും ടിക്കറ്റുകൾ ലഭ്യമല്ല. ഓണത്തിന് ഒരുമാസം മുന്നേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും വെയിറ്റിങ് ലിസ്റ്റിൽ 200ന് മുകളിൽ ആണ്. എസിക്കും സെക്കന്‍റ് എസിക്കും ടിക്കറ്റുകളേ ലഭ്യമല്ല എന്ന അവസ്ഥയാണ്.
ഓണസമയത്തെ തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകൾ പേരിനു മാത്രമാണ്. സ്പെഷ്യൽ ട്രെയിനുകളിൽ എസി നിരക്കുകൾ സാധാരണ നിരക്കിനേക്കാൾ വളരെ കൂടുതലുമാണ്. ഇനി ഏക ആശ്രയം യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ തുറക്കുന്ന തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ മാത്രമാണ്. ഈ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കാനാണ് സാധ്യത.
സ്വകാര്യ ബസ് നിരക്കുകളിലെ കൊള്ള
ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമാകില്ല എന്ന് ഉറപ്പായതോടെ ഭൂരിഭാഗം മറുനാടൻ മലയാളുകളുടെയും പ്രതീക്ഷ ബസ്സുകളാണ്. എന്നാല്‍ അന്തര്‍സംസ്ഥാന ബസ്സുകളില്‍ സീറ്റ് കിട്ടാന്‍ കൊള്ളവിലയാണ് ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സാധാരണ 1,200 - 2,500 രൂപയായിരുന്ന എസി സ്ലീപ്പർ ബസ് ടിക്കറ്റ് നിരക്ക്. എന്നാൽ ഇപ്പോൾ അത് ഇരട്ടിയിലേറെയായി ഉയർന്നു. നോൺ-എസി ബസുകൾക്ക് പോലും രണ്ടിരട്ടിയോളമായി ഉയര്‍ന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സുകളിലും ഇതേ അവസ്ഥയാണ്. കേരള, കർണാടക കെഎസ്ആർടിസി അഡീഷണൽ സർവീസുകൾ നടത്തുമെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല.
ആഭ്യന്തര വിമാന നിരക്ക്
ട്രെയിനിനും ബസ്സിനും രക്ഷയില്ലാതായതോടെ ഓണത്തിന് നാട്ടിലെത്താൻ ഫ്ലൈറ്റ് നോക്കാമെന്ന് കരുതിയാൽ ഇനി അതും കൈപ്പിടിയിൽ ഒതുങ്ങില്ല. സാധാരണരീതിയിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്ക് 5000 രൂപയ്ക്കകത്താണ്. എന്നാൽ ഓണക്കാലത്ത് നാട്ടിലെത്താൻ സാധാരണനിരക്കിന്റെ ആറിരട്ടി നൽകണം. അവസാന നിമിഷത്തെ ബുക്കിങ്ങുകൾക്ക് 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
പ്രവാസി മലയാളികളുടെ ദുരിതം
ഓണക്കാലത്ത് വിദേശത്തുള്ള പ്രവാസിമലയാളികളെ കൊള്ളയടിക്കാൻ യാത്രാടിക്കറ്റ് നിരക്ക് അഞ്ചിരട്ടിവരെ വർധിപ്പിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേയ്‌ക്ക് സാധാരണ ദിവസങ്ങളിൽ 8,000 മുതൽ 20,000 രൂപവരെമാത്രം ഈടാക്കിയിരുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് നിലവിൽ 40,000 മുതൽ 60,000 രൂപവരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അടുത്തമാസം പകുതിവരെ 30,000 മുതൽ 45,000 വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 15,000 മുതൽ 25,000 രൂപ വരെയാണ് നിരക്ക്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് 33,000 മുതൽ 40,000 രൂപവരെയാണ്. കണ്ണൂരിൽനിന്ന് ദോഹയിലേക്കും തിരിച്ചും 45,000 മുതൽ 50,000 രൂപവരെയാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് 25,000 രൂപയാണ്. അതേസമയം മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽനിന്ന് ഈ കാലയളവിൽ പല ഗൾഫ് രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് 15,000 രൂപയിൽ താഴെയാണ്.
യുഎസ്സിലുള്ള പ്രവാസിമലയാളികൾക്ക് ഈ ഓണത്തിന് അത്ര മധുരമുണ്ടാകില്ല. കാരണം ഓരാൾക്ക് കേരളത്തിലേക്കെത്താൻ മാത്രം ഒരുലക്ഷത്തിന് മുകളിൽ ചെലവാകും. അതായത് നാലംഗ കുടുംബത്തിന് നാട്ടിലെത്തി തിരികെ പോകാൻ മാത്രം ലക്ഷക്കണക്കിന് രൂപ കണ്ടെത്തേണ്ട അവസ്ഥ. ഭീമമായ തുക താങ്ങാനാവാതെ പലരും ഇത്തവണ ഓണം വിദേശത്ത് തന്നെ ആഘോഷിക്കാനുള്ള ആലോചനയിലാണ്.










0 comments