ഓണത്തിനേകാം നൂലിഴകളിൽ നെയ്ത പുതുമ; കൈത്തറിയിലെ ജക്കാർഡ് തിളക്കം


പി എസ് മഞ്ജരി
Published on Aug 14, 2026, 09:42 AM | 2 min read
ഓണം മലയാളികൾക്ക് വെറുമൊരു ആഘോഷമല്ല, അതിജീവനത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. ഓണക്കാലത്ത് കോടി വസ്ത്രം ധരിക്കുക എന്നത് ഏതൊരു മലയാളിക്കും അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഓണത്തിന് ഏറ്റവും ഉണർവ് പ്രകടമാകുന്നത് വസ്ത്ര വിപണിയിലാണ്. പുതുമകൾക്കും ട്രെൻഡുകൾക്കുമൊപ്പം പോയാലും കൈത്തറി വസ്ത്രം കേരളീയർക്ക് എക്കാലവും ആദ്യത്തെ തിരഞ്ഞെടുപ്പാണ്. ഇന്നത് പാരമ്പര്യത്തിന്റെ തനിമ എന്നതിനപ്പുറം വലിയൊരു തൊഴിലാളി സമൂഹത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടങ്ങൾക്ക് കൈത്താങ്ങാവുക കൂടിയാണ്.
കേരളീയർക്ക് കൈത്തറി വസ്ത്രം എന്നാൽ ആദ്യം മനസിലേക്കെത്തുന്ന പേര് ബാലരാമപുരമാണ്. കുഴിത്തറികളിൽ അങ്ങേയറ്റം കഠിനാധ്വാനത്തോടെ നെയ്തെടുക്കുന്ന ഈ വസ്ത്രങ്ങളുടെ പ്രത്യേകത സൂക്ഷ്മതയാണ്. ബാലരാമപുരത്ത് നിന്ന് വിപണിയിൽ എത്തുന്ന ഓരോ കൈത്തറി വസ്ത്രത്തിന് പിന്നിലും അധ്വാനത്തിന്റെയും പാരമ്പര്യത്തിന്റെയും കഥയുണ്ട്.
പുതിയകാലത്തെ ട്രെൻഡുകൾക്കൊപ്പം മാറാൻ കൈത്തറി മേഖലയും തയ്യാറായിട്ടുണ്ട്. നേരിയ കസവ് കരകളിൽ ഒതുങ്ങിയിരുന്ന കൈത്തറി വസ്ത്രങ്ങളിൽ നിന്ന് ജക്കാർഡ് (Jacquard) തറികളുടെ വരവോടെ കൈത്തറിയിലെ ഡിസൈനുകളും മാറി. പഞ്ച് കാർഡ് വഴി പ്രവർത്തിക്കുന്ന ഈ നൂതന തറികളിലൂടെ ഏതു പ്രയാസമേറിയ ഡിസൈനും നെയ്തെടുക്കാം. വസ്ത്രങ്ങളിൽ നൽകേണ്ട ഡിസൈനുകൾ ഈ കാർഡുകളിൽ കോഡ് ആയി നൽകും. മയിൽ, ടെംപിൾ ഡിസൈനുകൾ, കഥകളി രൂപങ്ങൾ, പൂക്കൾ തുടങ്ങി മ്യൂറൽ ചിത്രങ്ങൾ വരെ ജക്കാർഡ് തറിയിലൂടെ അതിസൂക്ഷ്മം നെയ്തെടുക്കാം. ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനുകളിൽ വസ്ത്രങ്ങൾ നെയ്തെടുക്കാൻ ജക്കാർഡ് തറികളിലൂടെ സാധിക്കും. ഇഷ്ടമുള്ള നിറങ്ങളിൽ പറയുന്ന രീതിക്ക് അനുസരിച്ച് ജക്കാറുണ്ട് കൈത്തറി വസ്ത്രങ്ങൾ ഒരുക്കാം.
ജക്കാർഡ് ഡിസൈനിൽ നെയ്തെടുത്ത കൈത്തറി സാരി
പരമ്പരാഗത കൈത്തറിയെ അപേക്ഷിച്ച് ജക്കാർഡ് ഡിസൈനുകൾ നെയ്തെടുക്കുന്നതിന് സമയം കൂടുതൽ വേണം. ജക്കാർഡ് ഡിസൈൻ ഒരുക്കുന്നതിന് മൂന്ന് ദിവസം വരെ സമയം വേണം. സമയം കൂടുതലായതിനാൽ തന്നെ കൂലിയും കൂടുതൽ കിട്ടും. അതുകൊണ്ടുതന്നെ പല കൈത്തറി കേന്ദ്രങ്ങളും ഈ ഓണക്കാലത്ത് നെയ്ത്തുകാർക്ക് കൂടുതൽ വരുമാനവും വിപണി സാധ്യതയുമുള്ള ജക്കാർഡിൽ പുതിയ ഡിസൈനുകൾ ഒരുക്കുന്ന തിരക്കിലാണ്.
കടും നിറത്തിന് മുകളിൽ സ്വർണ നിറത്തിലുള്ള നൂലുകൾ കൊണ്ട് നെയ്തെടുത്ത ജക്കാർഡ് ഡിസൈനുകളിലുള്ള സാരികളാണ് ട്രെൻഡ്. പല നിറത്തിലുള്ള ബ്ലൗസുകൾക്കൊപ്പം ധരിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ഡിസൈനുകളിൽ ഉള്ള ജക്കാർഡ് കൈത്തറി സാരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിസൂക്ഷ്മവും ഏറെ ഭംഗിയുള്ളതുമായ ഈ ഡിസൈനുകൾ പുതിയ കാലത്തെ ട്രെൻഡിനൊപ്പം നിൽക്കുന്നതാണ്. അതുകൊണ്ടുതന്നെ ജക്കാർഡ് കൈത്തറി സാരികൾക്ക് ആവശ്യക്കാരുമുണ്ട്. അധ്വാനം കൂടുതലുള്ളതിനാൽ തന്നെ ജക്കാർഡ് ഡിസൈനുകളിൽ തീർത്ത കൈത്തറി സാരികൾക്ക് വിലയും അല്പം കൂടുതലാണ്. എന്നിരുന്നാലും ആകർഷകമായ നിറങ്ങളിലും ഡിസൈനുകളിലും തീർത്ത ജക്കാർഡ് കൈത്തറി സാരികൾ ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നുണ്ട്. മാത്രമല്ല, പരിസ്ഥിതി സൗഹൃദവും സുസ്ഥിര ഫാഷനെന്ന രീതിയിലും കൈത്തറി വസ്ത്രത്തോട് ഈ തലമുറ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
ജക്കാർഡ് കൈത്തറി മുണ്ട്
കടുത്ത മത്സരമുള്ള രംഗമാണ് വസ്ത്ര വിപണി, പ്രത്യേകിച്ച് ഓണക്കാലത്ത്. നൂതന ഫാഷൻ സങ്കൽപ്പങ്ങൾക്കൊപ്പം പരമ്പരാഗത കൈത്തറിയുടെ തനിമ ചോർന്നു പോകാതെ കൈത്തറി മേഖലയെ പിടിച്ചുനിർത്താൻ ജക്കാർഡ് കൈത്തറി സാരികൾക്ക് സാധിക്കുന്നുണ്ട്. ഓണക്കാലത്ത് വൈവിധ്യത്തിന്റെ നൂലിഴകളാൽ കോർത്ത, പരമ്പരാഗത കൈത്തറിയുടെ തനിമ ഒട്ടും ചോർന്നു പോകാത്ത ജക്കാർഡ് കൈത്തറി വസ്ത്രങ്ങൾ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.









0 comments