മൽമൽ പ്രിയവും ഡൂഡിൽ വൈബ്‌സും; പഴമയ്ക്കൊപ്പം പുതുമകൂടി ചേർത്ത് ഓണം വൈബ്

എഐ പ്രതീകാത്മകചിത്രം
സ്വന്തം ലേഖിക
Published on Aug 23, 2026, 11:36 AM | 1 min read
തിരുവനന്തപുരം : ഓണം വൈബ് കളയാതെ പഴമയ്ക്കൊപ്പം പുതുമകൂടി പരീക്ഷിക്കുന്നതാണ് ഇത്തവണ ഓണം ഫാഷൻ. സാരിയുടുക്കാൻ മടിയുള്ളവർക്ക് പാരമ്പര്യത്തനിമ ചോരാതെയുള്ള ഫാഷൻ വെയർ ഓപ്‌ഷനുകൾ നിരവധി. ക്രീം, വെള്ള നിറങ്ങളിലെ കുർത്തയ്ക്ക് സ്വർണനിറത്തിലെ വരകളും പാറ്റേണുകളും ചേർന്ന പലാസോ പാന്റ്‌സുകളാണ് കൂട്ട്. പാന്റ്‌സുകളിൽ ബ്രൈറ്റ് നിറങ്ങൾ ഉപയോഗിക്കുന്നവരും അനവധി.
കോളേജുകളിലും സ്‌കൂളുകളിലും ഓണാഘോഷ പരിപാടികളിൽ തിളങ്ങാൻ ഓഫ് ഷോൾഡർ ടോപ്പും പ്ലീറ്റഡ് ട്രൗസറും ക്രോപ് ടോപ്പും ലോങ് സ്‌കർട്ടുകളുമാണ് അനുയോജ്യം. ഇവയിൽ കൂടുതൽപേരും തെരഞ്ഞെടുക്കുന്നത് പേസ്റ്റൽ നിറങ്ങളും. ഹെവി വർക്കുകളും ഡിസൈനുകളും ഇഷ്‌ടപ്പെടുന്നവർക്ക് വിവിധ നിറങ്ങളിലെ അനാർക്കലി സ്യൂട്ടുകളും വിപണിയിലുണ്ട്. അയഞ്ഞ വസ്‌ത്രങ്ങൾ ഇഷ്‌ടപ്പെടുന്നവരാണെങ്കിൽ ഓണം സ്റ്റൈൽ കഫ്‌താനും റെഡി.
മുണ്ട്, ഷർട്ട് എന്നിവയിൽനിന്ന് ഹാഫ് കുർത്ത, ഫുൾ കുർത്ത സ്റ്റൈലുകൾകൂടി എത്തിയതോടെ പുരുഷന്മാരുടെ ഓണം ഫാഷനിൽ ഗോൾഡൻ, ബ്രൗൺ, വെള്ള നിറങ്ങളിലെ കുർത്തകൾക്ക് ഇത്തവണ ആവശ്യക്കാരേറെ. ഷർട്ടുകളിൽ തെയ്യം, കഥകളി എന്നിവയ്ക്കൊപ്പം പൂക്കളം, തിരുവാതിര, മാവേലി, ഓണത്തപ്പൻകൂടി ഇത്തവണ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമ പകർത്തിയുള്ള ഡൂഡിൽ മുണ്ടുകളും ട്രെൻഡിങ്ങിലുണ്ട്.
ഫാഷൻ പരീക്ഷണങ്ങൾക്കിടയിലും കസവുസാരിയുടെ പ്രൗഢിക്കും മങ്ങലേറ്റിട്ടില്ല. സാധാരണ കസവുസാരി വ്യത്യസ്‌ത ബ്ലൗസുകൾക്കൊപ്പമാണ് മാച്ച് ചെയ്യിക്കുന്നത്. എക്കാലത്തെയും താരമായിരുന്ന പുളിയിലക്കര സാരിക്ക് ആരാധകർ കുറഞ്ഞിട്ടില്ല. എങ്കിലും ഇത്തവണ മനംകീഴടക്കിയത് മൽമൽ കോട്ടൺ സാരികളാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേരുന്നതും ധരിക്കാനുള്ള സുഖംകൊണ്ടുമാണ് ഇവ ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളിലും പുതുമയ്ക്ക് കുറവില്ല. മഞ്ചാടിക്കുരു, മലയാള അക്ഷരങ്ങൾ, തെയ്യം എന്നിവ നിറയുന്ന ആഭരണങ്ങൾക്ക് പുതുതലമുറയ്ക്കിടയിൽ പ്രിയമേറെ.









0 comments