ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേയ്ക്ക്; പാര്‍ടി കേരള അധ്യക്ഷനായേക്കും

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ച നടൻ ദേവൻ തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ പാർടിയായ ടിവികെയിൽ ചേരുന്നു. ദേവനും ടിവികെ നേതാക്കളുമായുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. നടി പ്രിയങ്കയ്ക്ക് ഒപ്പമാണ് ടിവികെയുടെ രണ്ട് നേതാക്കൾ ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തി കണ്ടത്. വിജയിയുമായി കൂടിക്കാഴ്ച ഉടൻ ഉണ്ടാകും.
സെപ്തംബർ 10 ന് ശേഷമായിരിക്കും കൂടിക്കാഴ്ചയുണ്ടാവുകയെന്നും ചർച്ച ശേഷം വലിയ നീക്കങ്ങളുണ്ടാകുമെന്നും ദേവൻ അറിയിച്ചു. വിജയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അന്തിമതീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും നടക്കുക. കേരളത്തിലെ ടിവികെയുടെ അധ്യക്ഷനായേക്കുമെന്നാണ് വിവരം.
പാർടിയിലേയ്ക്കുള്ള ദേവന്റെ വരവ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടിവികെ നേതൃത്വം. ബഹുഭാഷ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന നടൻ പാർടിയിലേയ്ക്ക് എത്തിയാൽ കേരളത്തിൽ വേരുറപ്പിക്കാൻ കഴിയുമെന്നാണ് ടിവികെയുടെ വിശ്വാസം. കേരളത്തിലെ വിജയ് ഫാൻസ് നിലവിൽ ടിവികെയോട് ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിജയിയെ കേരളത്തിൽ എത്തിച്ച് ടിവികെയ്ക്ക് സ്ഥാനം ഉറപ്പിക്കാനുള്ള കൂടിയാലോചനകളും നടത്തിവരികയാണെന്നാണ് വിവരം.
അടുത്തിടെയാണ് ദേവൻ ബിജെപിയിൽ നിന്ന് രാജിവെച്ചത്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ വെച്ചായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് താരം പ്രഖ്യാപിച്ചത്. ബിജപിയുടെ നിലപാടുമായി തന്റെ കാഴ്‌ചപ്പാടുകൾ യോജിക്കുന്നില്ലെന്നും പറഞ്ഞ ദേവൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്നും അറിയിച്ചിരുന്നു.









0 comments