ഓണത്തിരക്ക്: നിസാമുദ്ദീൻ– തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം : ഓണക്കാലത്തെ യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ഹസ്രത് നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ റൂട്ടിൽ പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
04080 ഹസ്രത് നിസാമുദ്ദീൻ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ആഗസ്ത് 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.35ന് ഹസ്രത് നിസാമുദ്ദീനിൽനിന്ന് പുറപ്പെടും. മൂന്നാം ദിവസം ചൊവ്വാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം സെൻട്രലിലെത്തും. ഒരു സർവീസ് മാത്രമാണുണ്ടാകുക.
തിരിച്ചുള്ള ട്രെയിൻ (നമ്പർ 04079) തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ആഗസ്ത് 27 വ്യാഴാഴ്ച രാവിലെ 5ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. മൂന്നാം ദിവസം ശനിയാഴ്ച രാവിലെ 6.40ന് നിസാമുദ്ദീനിലെത്തും.
സംസ്ഥാനത്ത് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. മംഗളൂരു ജങ്ഷൻ, ഉഡുപ്പി, കുണ്ടാപുര, കാർവാർ, മഡ്ഗാവ്, രത്നഗിരി, പൻവേൽ, വസായ് റോഡ്, വഡോദര, രത്‌ലം, കോട്ട, മഥുര എന്നിവിടങ്ങളിലും സ്റ്റോപ്പുകളുണ്ട്.
10 എസി ത്രീ ടയർ കോച്ചുകൾ, നാല് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ട്രെയിനിലുണ്ടാകുക. ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാണ് പ്രത്യേക സർവീസെന്ന് റെയിൽവേ അറിയിച്ചു.









0 comments