കൊച്ചി തീരത്ത് എണ്ണ പര്യവേക്ഷണത്തിന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ;പോർട്ട് ട്രസ്‌റ്റുമായി ധാരണപത്രത്തിൽ ഒപ്പിട്ടു

കൊച്ചി
കൊച്ചി തീരം ആസ്ഥാനമാക്കി കേരള–കൊങ്കൺ തീരത്ത് എണ്ണ പര്യവേക്ഷണത്തിനൊരുങ്ങി കേന്ദ്ര പൊതുമേഖലാസ്ഥാപനം ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഓയിൽ). കൊച്ചിൻ പോർട്ട് ട്രസ്‌റ്റിന്റെ ഭൗതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാകും പര്യവേക്ഷണം. ഈ വർഷം അവസാനത്തോടെ ഓയിൽ ഇന്ത്യ ആരംഭിക്കുന്ന പര്യവേക്ഷണവുമായി സഹകരിക്കാനുള്ള ധാരണപത്രത്തിൽ കൊച്ചിൻ പോർട്ട് ട്രസ്‌റ്റ് ഒപ്പിട്ടു. 2009ൽ കേരള–-കൊങ്കൺ തീരത്ത് ഒഎൻജിസി 151 ദിവസം എണ്ണ പര്യവേക്ഷണം നടത്തിയിരുന്നു.
കേരള–-കൊങ്കൺ തീരത്ത് സമൃദ്ധമായ എണ്ണനിക്ഷേപത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഓയിൽ ഇന്ത്യ. തുറമുഖത്തിന്റെ സാമീപ്യവും സൗകര്യവും പര്യവേക്ഷണത്തിന് സഹായകമാകും. സഹകരണത്തിന്റെ ഭാഗമായി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ കൊച്ചി തുറമുഖത്ത് ഒരുക്കും. വെയർഹൗസ്, എണ്ണ പര്യവേക്ഷണത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും ഉൾപ്പെടെ ഡ്രൈ ബൾക്ക് കൈകാര്യം ചെയ്യാനുള്ള പ്ലാന്റ്, പര്യവേക്ഷണത്തിലേർപ്പെടുന്ന വെസലുകൾക്ക് ഇന്ധനം നിറയ്‌ക്കുന്നതിന് ഉൾപ്പെടെ 24 മണിക്കൂറും ഉപയോഗിക്കാവുന്ന ജെട്ടി എന്നിവയും വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കും. ആവശ്യമെങ്കിൽ നീട്ടാമെന്ന വ്യവസ്ഥയോടെ ഒരുവർഷത്തേക്കാണ് ധാരണപത്രം.
വില്ലിങ്‌ഡൺ ഐലൻഡിലെ പോർട്ട് ട്രസ്‌റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത്തും ഓയിൽ ഇന്ത്യ ലിമിറ്റഡ് സിജിഎം സഞ്ജിബ്കുമാർ ഗോഗോയിയും ധാരണപത്രത്തിൽ ഒപ്പിട്ടു. പോർട്ട് ട്രസ്‌റ്റ് ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ, ഓയിൽ ഇന്ത്യ ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഡോ. രഞ്ജിത് റാത്ത് എന്നിവർ പങ്കെടുത്തു.
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനുകീഴിലെ മഹാരത്ന സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) കൊച്ചി തീരത്തിന് 70 നോട്ടിക്കൽ മൈൽ അകലെ എണ്ണപര്യവേക്ഷണം നടത്തിയെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമല്ലെന്ന വിലയിരുത്തലോടെ അവസാനിപ്പിക്കുകയായിരുന്നു.








0 comments