print edition ഇ ഗ്രാന്റ്‌സ്: സ്‌കോളർഷിപ്പുകൾ പൂർണമായും നൽകി

തിരുവനന്തപുരം
പട്ടികജാതി വിദ്യാർഥികൾക്കുള്ള ഇ ഗ്രാന്റ്‌സ് അപേക്ഷകളിൽ വ്യാഴാഴ്‌ചവരെയുള്ള സ്‌കോളർഷിപ്പുകൾ പൂർണമായും വിതരണം ചെയ്‌തു. സാധുവായ അപേക്ഷകളിലെല്ലാം വേഗത്തിൽ തുക വിതരണം ചെയ്യാനായി. 324.22 കോടി രൂപയാണ് വിതരണം ചെയ്‌തത്. പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന്റെ സംസ്ഥാന വിഹിതമായ 83 കോടിയും ചേർത്ത് 407.22 കോടി രൂപയാണ് വിവിധ സ്കോളർഷിപ്പ് ഇനങ്ങളിൽ വിതരണം ചെയ്തത്. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാൻ ചിലർ നടത്തുന്ന പ്രചാരവേലയുടെ ഭാഗമാണ് ഇ ഗ്രാന്റ്‌സ് കുടിശ്ശികയെന്ന ആക്ഷേപമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു.
2025-–26 സാമ്പത്തിക വർഷത്തിൽ ബജറ്റ് വിഹിതത്തിനു പുറമെ അധികസഹായവും സർക്കാർ ലഭ്യമാക്കി. നടപ്പ് അധ്യയന വർഷത്തെ സ്കോളർഷിപ്പ് അപേക്ഷകൾ ഇപ്പോഴും ലഭിക്കുന്നുണ്ട്. ഈ അപേക്ഷകളും സാധുവാകുന്ന മുറയ്ക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. ഇത്തവണത്തെ ബജറ്റിലും പട്ടികജാതി വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ സഹായത്തിനായി 242 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസത്തിനായി 370 കോടിയും എംആർഎസുകൾക്ക് 22 കോടിയും ഐടിഐകൾക്ക് 15 കോടിയും മാറ്റിവച്ചു. പട്ടികവർഗ വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ 219 കോടി രൂപയും ചേർത്ത് ആകെ 868 കോടിയാണ് വരുന്ന അധ്യയന വർഷം സർക്കാർ വകയിരുത്തി യത്.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ പ്രീമെട്രിക് സ്കോളർഷിപ്പിലും രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിലും കേന്ദ്ര സർക്കാർ ഒരു പൈസപോലും നൽകുന്നില്ല. ഇവർക്കുള്ള തുക മുഴുവനും സംസ്ഥാനമാണ് വഹിക്കുന്നത്. രണ്ടര ലക്ഷം രൂപയിൽതാഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള കേന്ദ്ര പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിൽ 40 ശതമാനം വഹിക്കുന്നതും സംസ്ഥാന സർക്കാരാണ്.
പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പട്ടികവിഭാഗം വിദ്യാർഥികൾക്കും പരമാവധി സൗകര്യങ്ങൾ നൽകുക എന്നതാണ് സർക്കാർ നിലപാട്. എന്നാൽ, ഇൗ വിഭാഗത്തിന് വിദ്യാഭ്യാസ പുരോഗതിയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങളാണ് വ്യാജ പ്രചാരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെന്നും മന്ത്രി അറിയിച്ചു.









0 comments