സതീശൻ സർക്കാർ ആർഎസ്എസിന് കീഴടങ്ങി: എൻവൈഎൽ

തൃശ്ശൂർ : പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ ദേശീയ വിദ്യാഭ്യാസനയം സമ്പൂർണമായി നടപ്പിലാക്കുവാനുള്ള വിഡി സതീശൻ സർക്കാരിന്റെ തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്.
ആർഎസ്എസിന് കാവി പരവതാനി വിരിക്കുകയാണ് വിഡി സതീശൻ, ഇതിന് കൂട്ടുനിൽക്കുകയാണ് മുസ്ലിംലീഗ്. ആർഎസ്എസിന് കീഴടങ്ങി ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നസ്റുദീൻ മജീദ് പറഞ്ഞു.
എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പ് വെച്ച് ഫണ്ട് സ്വീകരിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നുണ പറച്ചിൽ സതീശൻ അവസാനിപ്പിക്കണമെന്നും, മുഖ്യമന്ത്രി പദവിയോട് നീതിപുലർത്തണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ ലീഗും കോൺഗ്രസും ബിജെപിയുമായി ധാരണയിൽ എത്തിയതിന്റെ തെളിവാണിത്, നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വോട്ട് കച്ചവടത്തിന്റെ തുടർച്ചയാണിത്. കേരളത്തെ ആർ.എസ്.എസിന്റെ കാൽ ചുവട്ടിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പി.എം ശ്രീ നടപ്പിലാക്കിയാൽ ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണ്ണമായി നടപ്പിലാക്കണം. കേന്ദ്രം ഒരു വിദ്യാലയത്തിന് നൽകുന്ന 60% ഫണ്ട് സ്വീകരിച്ചാൽ ആ സ്കൂളിന്റെ പേര് പി.എം ശ്രീ എന്നെഴുതി മോഡിയുടെ ചിത്രം പതിപ്പിക്കണം.
40% ഫണ്ട് ചിലവഴിച്ച് സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന സംസ്ഥാന സർക്കാരുകൾക്ക് ഈ തീരുമാനം തിരുത്താനാകില്ല. സംസ്ഥാനങ്ങളുടെ ഈ അവകാശം പൂർണ്ണമായും റദ്ദുചെയ്യുന്നതാണെന്ന് മാത്രമല്ല, സർവ്വാധികാരങ്ങളും യൂണിയൻ സർക്കാരിലാണ് കേന്ദ്രീകരിക്കുന്നതാണ്. ആർഎസ്എസിന്റെ വിദ്യാഭ്യസ നയത്തിലെ ഭാഷ നയം കേരളത്തിൽ നടപ്പിലാക്കിയാൽ പ്രാദേശിക ഭാഷകൾക്കും അറബി, ഉർദു ഭാഷ പഠനങ്ങൾക്കും അന്ത്യം കുറിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.










0 comments