print edition പോകാൻ ഇടമില്ല; തുണയേകാൻ സർക്കാരുമില്ല

മേപ്പാടി പോളി ടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ദുരന്തബാധിതരെ പറഞ്ഞുവിടുന്നു ഫോട്ടോ: എം എ ശിവപ്രസാദ്

സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:00 AM | 1 min read
മേപ്പാടി: കള്ളാടിയിൽ മണ്ണിടിച്ചിൽ ബാധിതരെ പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാന്പ് സർക്കാർ പിരിച്ചുവിട്ടു. സുരക്ഷിത താമസസൗകര്യം ഒരുക്കാതെയും അടിയന്തര സഹായം നൽകാതെയുമാണ് ക്യാന്പിൽനിന്ന് പറഞ്ഞയച്ചത്. മടങ്ങാൻ വിസ്സമതിച്ചവരെ നിർബന്ധിച്ച് അപകടഭീഷണിയുള്ള മറ്റു ലയങ്ങളിലേക്ക് മാറ്റി.
കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്തെ തോട്ടം തൊഴിലാളികളുൾപ്പെടെയുള്ള 49കുടുംബങ്ങളാണ് മേപ്പാടി പോളിടെക്‌നിക് കോളേജിലെ ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്നത്. കള്ളാടി മീനാക്ഷി എസ്‌റ്റേറ്റ് തൊഴിലാളികളാണ് ഭൂരിഭാഗവും. ശനി രാവിലെയാണ് ക്യാന്പ് അവസാനിപ്പിച്ചത്. ദിവസങ്ങളായി ജോലിക്കുപോകാൻ കഴിയാത്തതിനാൽ അടിയന്തര ധനസഹായം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം പരിഗണിച്ചില്ല. ദുരന്തസമയത്തെ വസ്‌ത്രങ്ങൾ മാത്രമാണ് ഇവർക്കുള്ളത്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ ലയങ്ങളിലേക്ക് പോകില്ലെന്ന് ഇവർ അറിയിച്ചു. എന്നിട്ടും വൈകിട്ടോടെ നിർബന്ധിച്ച് സമീപത്തെ സൗകര്യം കുറഞ്ഞ മറ്റുലയങ്ങളിലേക്ക് മാറ്റി.
ഇവിടെയും അപകടഭീഷണിയുണ്ട്. ദുരന്തത്തിൽ മണ്ണും കല്ലും ഒഴുകിയ മീനാക്ഷി പുഴയുടെ സമീപം താമസിച്ചിരുന്ന കുടുംബങ്ങളെ ക്യാന്പിൽ രജിസ്‌റ്റർ ചെയ്‌തശേഷം ബന്ധുവീടുകളിലേക്ക് പറഞ്ഞുവിട്ടു. ക്യാന്പ് അവസാനിപ്പിച്ചതായി ഇവരെയും അറിയിച്ചു. അപകടഭീഷണി തുടരുന്നതിനാൽ സ്വന്തം വീടുകളിലേക്ക് പോകാനാകില്ലെന്നും വാടകയ്‌ക്ക് വീടെടുത്തുനൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ക്യാന്പ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ശനി രാവിലെയും വൈകിട്ടും യോഗം ചേർന്നിരുന്നു. സ്ഥലത്തുണ്ടായിട്ടും മന്ത്രിമാരായ എ പി അനിൽകുമാറും ടി സിദ്ദിഖും ഇതിൽ പങ്കെടുത്തില്ല.
പഞ്ചായത്ത് അംഗങ്ങളുടെയും വില്ലേജ് ഓഫീസറുടെയും തലയിലിട്ട് തടിതപ്പി. നേരത്തെ ക്യാന്പ് സന്ദർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇടപെട്ടശേഷമാണ് ക്യാമ്പിലുള്ളവർക്ക് വസ്‌ത്രങ്ങൾ ലഭിച്ചത്. അതേസമയം, ക്യാമ്പിൽ നിന്ന് എല്ലാവരെയും പറഞ്ഞയച്ച ശേഷം ആവശ്യമുള്ളവർക്ക് ക്യാന്പിൽ തുടാരാമെന്ന വിചിത്രവാദുമായി മന്ത്രി എ പി അനിൽകുമാർ രംഗത്തെത്തി.










0 comments