നവംബറിലെ നൊമ്പരം; അമ്പൂരി ദുരന്തത്തിന് 25 വർഷം

തിരുവനന്തപുരം: നവംബറിലെ നൊമ്പരങ്ങളുടെ പട്ടികയിൽ മറക്കാനാകാത്തതാണ് 39 പേരുടെ ജീവനുകളെടുത്ത അമ്പൂരി ദുരന്തം. ഒരു കുടുംബത്തിൽ ഒരാളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ ഉരുൾപൊട്ടലുണ്ടായിട്ട് 25 വർഷം തികയുന്നു.
2001 നവംബര്‍ ഒമ്പത് വെള്ളി രാത്രി 8.45ന് ആണ് നാടിനെ കരയിപ്പിച്ച ദുരന്തമുണ്ടായത്. പൂച്ചമുക്ക് സ്വദേശി സി ഡി തോമസ് എന്ന കുടുംബനാഥൻ മാത്രമാണ് രക്ഷപ്പെട്ടത്. 2001 നവംബര്‍ 10ന് തോമസിന്റെ മകന്‍ ബിനുവിന്റെ മനസ്സമ്മതമായിരുന്നു. എടത്വ, എരുമേലി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ബന്ധുക്കള്‍ വീട്ടിൽ ഒത്തുകൂടിയിരുന്നു. 25 പേരാണ് സി ഡി തോമസിന്റെ കുടുംബത്തിൽ മരിച്ചത്.
ഭാര്യയും മക്കളും പേരക്കിടാങ്ങളുമെല്ലാം നഷ്ടപ്പെട്ട തോമസ് മൂന്നു ദിവസത്തോളം ആശുപത്രിയില്‍ അത്യാസന്നനിലയിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവന്നപ്പോൾ വരവേറ്റത് വീടിനുപകരം മണ്‍കൂന മാത്രമായിരുന്നു. സമീപത്തെ അശോകന്‍, ടൈറ്റസ്, ത്രസീന എന്നിവരുടെ വീടുകളിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ 39 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഒരാളുടെ മൃതദ്ദേഹം ലഭിച്ചിട്ടില്ല.
കുടിയേറ്റ ഗ്രാമമാണ് അമ്പൂരി. മലഞ്ചരിവിൽ ഉണ്ടായിരുന്ന നീരുറവ തടസ്സപ്പെടുത്തി വീടുകൾ നിർമിച്ചതാണ് വെള്ളപ്പാച്ചിലിന് വഴിവച്ചത്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങളും ദുരന്തത്തിന് കാരണമായി. ആദിവാസി വിഭാഗത്തിൽപ്പെട്ട കാണിക്കാര്‍ക്ക് മാര്‍ത്താണ്ഡവര്‍മ പതിച്ചു നല്‍കിയ ‘കാണിപ്പറ്റുഭൂമി'യിൽ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റ കർഷകരാണ് അധിവസിക്കുന്നത്.









0 comments