print edition കേരളം തുടർഭരണത്തിലേക്ക്: എം മുകുന്ദൻ

തലശേരി: സർക്കാരിന് ക്രിയാത്മകമായി പ്രവർത്തിക്കാൻ തുടർഭരണത്തിലെ അനുഭവങ്ങൾ സഹായിക്കുമെന്ന് നോവലിസ്‌റ്റ് എം മുകുന്ദൻ. ദീർഘകാലം സർക്കാരുണ്ടായാൽ നമ്മെ ജീർണിപ്പിക്കുമെന്ന് ചിലർ പറയുന്നുണ്ട്. ഇത് തെറ്റായ വാദമാണ്. ദീർഘകാലം സർക്കാർ നിലനിന്നാൽ അനുഭവങ്ങളിലൂടെ പലതും പഠിക്കാൻ സാധിക്കും. തുടർഭരണത്തിലേക്കുള്ള യാത്രയിലാണ് കേരളം.‘നേരിനൊപ്പം, കാരായിക്കൊപ്പം’ സാംസ്‌കാരികസംഗമം തലശേരി പേൾവ്യൂ റീജൻസിയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തുടങ്ങിവച്ച പ്രവർത്തനം നമുക്ക് മുന്നോട്ടുകൊണ്ടുപോകണം. അതിന് സാംസ്‌കാരിക പ്രവർത്തകരുടെ പരിശ്രമവും ആവശ്യമാണ്. രാഷ്‌ട്രീയക്കാരുടെകൂടെ സാഹിത്യപ്രവർത്തകരും നടക്കണം. വലിയ നേതാക്കളുടെകൂടെ എന്നും എഴുത്തുകാരുണ്ടായിരുന്നു. നേതാക്കളും എഴുത്തുകാരും തമ്മിൽ സൗഹൃദമുണ്ടാകണം. പഴയതുപോലെ പട്ടിണികിടക്കുന്ന ആളുകളിന്ന് കേരളത്തിലില്ല. അത്രത്തോളം ക്ഷേമപദ്ധതികൾ ഇവിടെയുണ്ട്. വോട്ടുചെയ്യാൻ പോകുന്ന വലിയൊരുവിഭാഗം പുതുതലമുറയാണ്. നിഷ്‌കളങ്കരാണ് അവർ. നമ്മുടെ പോയകാലം അവർക്കറിയില്ല.
നവോത്ഥാന മൂല്യങ്ങൾ അവരിലേക്കുമെത്തണം. നാം കടന്നുവന്ന വഴികളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. വികസനംകൊണ്ടുമാത്രം ഒരു ജനതയും സംതൃപ്‌തതരാകില്ല. സാന്പത്തിക വികസനത്തിനൊപ്പം സാംസ്‌കാരികമായ വികസനവുമുണ്ടാകണം. എങ്കിലേ ആന്തരികമായി കരുത്താർജിക്കൂ– എം മുകുന്ദൻ പറഞ്ഞു.










0 comments