print edition പവർകട്ടും ലോഡ്‌ഷെഡിങ്ങുമല്ല, സ്വാഭാവിക നിയന്ത്രണം; യാഥാർഥ്യം മറച്ച് ചില മാധ്യമങ്ങൾ


സ്വന്തം ലേഖകൻ
Published on Apr 27, 2026, 01:16 AM | 1 min read
തിരുവനന്തപുരം: അതികഠിനമായ ചുടും ഉഷ്‌ണതരംഗവും വൈദ്യുതി ഉപയോഗത്തിലുണ്ടാക്കിയ വർധനയെത്തുടർന്നുണ്ടാകുന്ന സ്വാഭാവിക നിയന്ത്രണങ്ങളിൽ വ്യാജപ്രചരണം അഴിച്ചുവിട്ട് ചില മാധ്യമങ്ങൾ. യുഡിഎഫും ബിജെപിയും നുണപ്രചാരണം നടത്തുമ്പോൾ വസ്‌തുതകൾ ജനങ്ങളോട് പറയേണ്ട മാധ്യമങ്ങളിലേറെയും യാഥാർഥ്യം മറച്ചുപിടിക്കുകയാണ്. പവർകട്ടല്ല, അധിക ലോഡ് പ്രവഹിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക നിയന്ത്രണമെന്ന് കെഎസ്‌ഇബിയും സർക്കാരും വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം.
അനിയന്ത്രിതമായ ചൂട് കാരണം ഈ വർഷം പ്രതീക്ഷിച്ചതിലും 25 ശതമാനമാണ് വൈദ്യുതി ലോഡ് വർധന. ലൈനുകൾക്ക് താങ്ങാനാവുന്നതിലേറെയാണിത്. സബ് സ്റ്റേഷനുകളിൽനിന്ന് ട്രാൻസ്‌ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിൽ അധികലോഡ് വരുമ്പോഴാണ് സബ് സ്‌റ്റേഷനുകളിലെ 11 കെവി ഫീഡറിൽ 15 മിനുട്ട് നിയന്ത്രണം. അല്ലെങ്കിൽ ലോഡ് താങ്ങാനാവാതെ 110 കെവി, 66 കെവി, 220 കെവി ലൈനുകൾ പൊട്ടിവീഴാം. ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുന്നതിനാൽ കേരളമാകെ ഇരുട്ടിലാകും. ഇതൊഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ ചർച്ചയുടെ തുടക്കത്തിലേ അവതാരകന്റെ ‘കഥാപ്രസംഗം’ എല്ലാ മാധ്യമമര്യാദകളും ലംഘിച്ചായിരുന്നു. "ഗ്രിഡ് ഓവർലോഡ് ആണോ അല്ലയോ എന്നൊന്നും അറിയണ്ട, ഞങ്ങൾക്ക് കറന്റ് കിട്ടണം’ എന്നായിരുന്നു ആക്രോശം. ചില പത്രങ്ങളും ഇതേപാതയിലാണ്. കെഎസ്‌ഇബി ജീവനക്കാർക്കുനേരെ തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇവർ.
പവർകട്ടും ലോഡ്‌ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് ഭരണകാലത്തെ മറന്നുകൊണ്ടാണ് മാധ്യമങ്ങളുടെ ആക്രോശം.










0 comments