നിപാ ബാധിച്ചവരെല്ലാം മരിച്ചിട്ടില്ല: മാങ്കൂട്ടത്തിലിനെ തള്ളി ചെന്നിത്തല

പാലക്കാട്: നിപാ ബാധിച്ചവരെല്ലാം മരിച്ചെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പ്രസ്‌താവന തള്ളി രമേശ് ചെന്നിത്തല. നിപാ ബാധിച്ചവരെല്ലാവരും മരിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ എന്താണ് പറഞ്ഞതെന്ന് അറിയില്ല. നിപായെ എല്ലാവരുംചേർന്ന് ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർ ഖദർവസ്‌ത്രം ധരിക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് നിപാ വന്നവരെല്ലാം മരിച്ചുവെന്നും അത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ ആവശ്യമായ രണ്ട് സാഹചര്യങ്ങളുണ്ടായി. കോവിഡും നിപായും. നിപാ ആർക്കൊക്കെ വന്നിട്ടുണ്ടോ അവരെല്ലാം മരിച്ചുപോയി. എന്നിട്ട് പറയുന്നു ഇത് നമ്മുടെ വിജയമെന്ന്. എല്ലാരും മരിച്ചതാണോ സർക്കാരിന്റെ വിജയം എന്ന വിചിത്ര ചോദ്യമായിരുന്നു രാഹുൽ ചോദിച്ചത്.
കോവിഡ് ബാധിതരുടെ കാര്യത്തിലും വ്യാജപ്രചാരണം നടത്തി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവച്ച സംസ്ഥാനങ്ങളുടെ കണക്കുകൾ ഉൾപ്പെടെ ഈയിടെ പുറത്ത് വന്നിരുന്നു. ഈ വസ്തുതകൾ നിലനിൽക്കെയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതമരണം സംഭവിച്ചതിൽ രണ്ടാംസ്ഥാനത്ത് കേരളമാണ് എന്ന് രാഹുൽ പറഞ്ഞത്.









0 comments