ജർമ്മനിയിലേക്ക് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ട്മെന്റ്: നോർക്ക റൂട്ട്സും ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും കരാർ ഒപ്പിട്ടു

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിംഗ്, പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ജർമ്മനിയിൽ മികച്ച തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സും ജർമ്മനിയിലെ വിഖ്യാതമായ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇരു സ്ഥാപനങ്ങളും ഔദ്യോഗികമായി കരാർ കൈമാറിയത്. ഷാരിറ്റെ ഇന്റഗ്രേഷൻ മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നാഗി സലാസും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
ചടങ്ങിൽ ഷാരിറ്റെ ഇന്റഗ്രേഷൻ മാനേജർ തോമസ് ഗ്രോസെ, നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവരും പങ്കെടുത്തു. ഈ പുതിയ പദ്ധതിയിലൂടെ ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും തന്നെ ഉണ്ടാകില്ല.
നിയമന നടപടികൾ പൂർണ്ണമായും സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ജർമൻ ഭാഷാപരിശീലനം, സാംസ്‌കാരിക-ഇന്റഗ്രേഷൻ പരിശീലനം, പരിശീലന കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും എന്നിവയാണ് ആനുകൂല്യങ്ങൾ. ആദ്യഘട്ടത്തിൽ കേരളത്തിൽനിന്നുള്ള 100 നഴ്‌സുമാരുടെ പ്രത്യേക 'ടാലന്റ് പൂൾ' രൂപീകരിക്കാനാണ് ഷാരിറ്റെ ഹോസ്പിറ്റൽ ലക്ഷ്യമിടുന്നത്.
ഈ കരാറിന് 2026 ജൂൺ ഒന്നു മുതൽ 2028 മേയ് 31 വരെ രണ്ട് വർഷത്തെ കാലാവധിയാണുണ്ടാകുക. അത്യാധുനിക ചികിത്സ, മെഡിക്കൽ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള സ്ഥാപനമാണ് ജർമ്മനിയിലെ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ.
മൂന്ന് നൂറ്റാണ്ടിലേറെ പാരമ്പര്യവും നോബൽ സമ്മാന ജേതാക്കളുടെ പൈതൃകവുമുള്ള ഈ ആശുപത്രിയിൽ നിലവിൽ കേരളത്തിൽ നിന്നുള്ള മുന്നൂറിലധികം നഴ്‌സുമാർ ജോലിചെയ്യുന്നുണ്ട്. കാൻസർ, ഹൃദ്രോഗ ചികിത്സ, ന്യൂറോളജി, അപൂർവ രോഗങ്ങൾ തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലകളിൽ ലോകോത്തര സേവനമാണ് ഇവർ നൽകുന്നത്.
മെഡിസിൻ, ഡെന്റിസ്ട്രി, നഴ്സിംഗ് മേഖലകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇവിടെ നിലവിൽ പഠനം നടത്തുന്നുമുണ്ട്. കേരളത്തിലെ നഴ്‌സിംഗ് പ്രൊഫഷണലുകളുടെ മികച്ച സേവന പാരമ്പര്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം കൂടിയാണ് ഈ പുതിയ കരാർ.










0 comments