നോർക്ക-ടിപിഡിസിഎസ് സംരംഭകത്വ വായ്പാക്യാമ്പ്: 71 ലക്ഷം രൂപയുടെ വായ്പകള്‍ കൈമാറി

norka roots loan camp
വെബ് ഡെസ്ക്

Published on Aug 18, 2025, 02:42 PM | 2 min read

തിരുവനന്തപുരം : പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടിപിഡിസിഎസ്) സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംരംഭകത്വ വായ്പാ നിര്‍ണ്ണയ ക്യാമ്പിന്റെ (എന്‍ഡിപിആര്‍ഇഎം പദ്ധതി) ഭാഗമായി 11 സംരംഭകര്‍ക്കായി 71 ലക്ഷം രൂപയുടെ വായ്പകള്‍ അനുവദിച്ചു. ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രവാസി സഹകരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ച നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുത്ത സംരംഭകര്‍ക്കുളള ചെക്കുകളും ചടങ്ങില്‍ കൈമാറി.


ട്രാവൽ ഏജൻസി, ട്രേഡിങ്, ഹോട്ടൽ, പലചരക്കുകട ഉള്‍പ്പെടുന്ന സേവന-വ്യാപാര മേഖലാ വിഭാഗത്തില്‍ നാലു സംരംഭകര്‍ക്കായി 32.5 ലക്ഷം രൂപയുടേയും, ഫാം സെക്ടറില്‍ നാലു സംരംഭകര്‍ക്കായി 22 ലക്ഷം രൂപയുടേയും ബേക്കറി, ഓയിൽ മിൽ ഉള്‍പ്പെടുന്ന ഭക്ഷ്യ ഉല്പന്നമേഖലയില്‍ രണ്ടു സംരംഭകര്‍ക്ക് 11.5 ലക്ഷം രൂപയുടേയും കാര്‍ഷിക മേഖലയിലെയിലെ സംരംഭകന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചത്.


തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ. ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്‍ഡിപിആര്‍ഇഎം പദ്ധതി വിശദീകരിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ടിപിഡിസിഎസ് പ്രസിഡന്റുമായ കെ സി സജീവ് തൈക്കാട് സ്വാഗതവും ടിപിഡിസിഎസ് സെക്രട്ടറി രേണി വിജയൻ നന്ദിയും പറഞ്ഞു. ടിപിഡിസിഎസ് ഡയറക്ടര്‍മാര്‍, പ്രവാസിസംരംഭകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റു വഴി പ്രവാസികള്‍ക്ക് അപേക്ഷ നല്‍കാം.



deshabhimani section

Related News

View More
0 comments
Sort by

Home