നോര്‍ക്ക പ്രവാസി സഹകരണസംഘം കോണ്‍ക്ലേവിന് സമാപനം

കൊച്ചി: നോർക്ക റൂട്സിന്റെ ഗ്രാന്റ് ലഭിച്ച സംസ്ഥാനത്തെ പ്രവാസി സഹകരണസംഘങ്ങളുടെ പ്രതിനിധികൾക്കായുളള നോര്‍ക്ക റൂട്ട്സ് അസ്സിസ്റ്റഡ്-പ്രവാസി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും സംരംഭങ്ങളും ആരംഭിക്കാന്‍ കഴിയുന്നതോടൊപ്പം നിലവിലെ പ്രവാസി സഹകരണ സംഘങ്ങളെ കൂടുതല്‍ മികവുറ്റതാക്കാനും ലക്ഷ്യമിട്ടുളളതായിരുന്നു കോണ്‍ക്ലേവ്. നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍ബിഎഫ്‌സി) നേതൃത്വത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിലും പരിശീലന പരിപാടിയിലും സംസ്ഥാനത്തെ 50 പ്രവാസി സഹകരണ സംഘങ്ങളില്‍ നിന്നുളള 140 പ്രതിനിധികള്‍ പങ്കെടുത്തു.
ആദ്യദിനം കോണ്‍ക്ലേവിന്റെയും പദ്ധതിയുടെ എംപ്ലോയര്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം നോര്‍ക്ക പദ്ധതികളേയും സേവനങ്ങളേയും കുറിച്ച് അജിത് കോളശ്ശേരി വിശദീകരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ ഫോറത്തില്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ഉദ്ഘാടന ചടങ്ങില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൊണര്‍ഷിപ്പ് ഡവലപ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി എസ്, നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അമ്പിളി ആന്റണി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെക്ഷന്‍ ഓഫീസര്‍ രമണി കെ നന്ദിയും പറഞ്ഞു.









0 comments