ad
Deshabhimani

അവ​ഗണനയും ഭീഷണിയും; വനിതാ ലീ​ഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്

noorbina

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 02, 2026, 12:46 PM | 2 min read

കോഴിക്കോട്: വനിത ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്. വനിത ലീ​ഗിന് മുസ്ലിം ലീഗില്‍ കടുത്ത അവ​ഗണനയെന്നും സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ നൂർബിന റഷീദ് ആരോപിച്ചു. ഇന്ന് മാധ്യമങ്ങളുടെ മുമ്പിൽ വെച്ചിട്ടാണ് ഞാൻ വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതെന്ന് നൂർബിന റഷീദ് പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും വനിതാ ലീഗ് നേതാക്കളെ തഴഞ്ഞതിനെതിരെ നൂർബിന റഷീദ്

വിമര്‍ശനമുന്നയിച്ചു. തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെന്നും വനിതാ ലീഗിന്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി നിയോഗിച്ചതെന്നും നൂര്‍ബിന വിമര്‍ശിച്ചു.


വനിതാ ലീഗിന്റെ അയോഗ്യത എന്താണെന്നും ചോദിച്ച നൂര്‍ബിന, മുസ്ലിം ലീഗ് അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കില്ലെന്നും ലീഗില്‍ തന്നെ തുടരുമെന്നും കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് ജംബോ കമ്മിറ്റിയുണ്ടാക്കിയിട്ടും ഒരു വനിതാ ലീഗ് നേതാവിനെ പോലും ഉള്‍പ്പെടുത്തിയില്ല. വനിതാ നേതാക്കളുടെ ഹൃദയം തകര്‍ത്ത തീരുമാനമായിരുന്നു അതെന്നും അവർ ചൂണ്ടിക്കാട്ടി.


തനിക്കോ മറ്റ് വനിതാ നേതാക്കള്‍ക്കോ സീറ്റ് നല്‍കാത്തതിലല്ല, തങ്ങള്‍ക്ക് താത്പര്യമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തന്റെ തീരുമാനമെന്നും എല്ലാ മതങ്ങളേയും ഒരു പോലെ കാണാനുള്ള ഹൃദയ വിശാലതയാണ് വേണ്ടതെന്നും നൂര്‍ബിന അറിയിച്ചു.


കൃത്രിമ മതേതരത്വം കാണിക്കാനായാണ് ലീഗ് പലർക്കും സീറ്റ് നല്‍കിയതെന്ന് നൂര്‍ബിന കുറ്റപ്പെടുത്തി. നിങ്ങള്‍ വ്യാജ മതേതരത്വം കാണിക്കാനായി സീറ്റ് നല്‍കിക്കോളൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം ഒന്നിനും ഭൂഷണമല്ലെന്നും മതേതരത്വം ഹൃദയത്തില്‍ നിന്നും വരണമെന്നും നൂർബിന വ്യക്തമാക്കി.


വനിതാ ലീഗിനെയും മുസ്ലിം ലീഗിനെയും നെഞ്ചോട് ചേർത്തുകൊണ്ട് തന്നെയാണ് ഇത്രയും കാലം പ്രവർത്തിച്ചത്. മുസ്ലിം ലീഗിന് അഭിമാനമാകുന്ന രീതിയിൽ തന്നെയാണ് പ്രവർത്തിച്ചത്. മുസ്ലിം ലീഗില്‍ നിന്ന് ഒരു ഫണ്ടുകളും ഒരു ഭത്തയും വാങ്ങാറില്ല. രാഷ്ട്രീയ പ്രവർത്തനം ധനാഗമന മാർഗമല്ല, മറിച്ച് രാഷ്ട്രസേവനമാണ്.


ഇന്നുവരെ ഒരു സ്ഥാനമാനങ്ങളും ചോദിച്ചു വാങ്ങിയതല്ല, എല്ലാം മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് നൽകിയത് തന്നെയാണ്. മുസ്ലിം ലീഗ് ഏൽപ്പിച്ച ഉത്തരവാദിത്വം അതിമനോഹരമായി തന്നെ ഞാൻ ചെയ്തുതീർത്തു.


ദേശീയ മുസ്ലിം ലീഗ് കമ്മിറ്റിയിലേക്ക് രണ്ടു വനിതകളെ തെരഞ്ഞെടുത്തു. 35 കൊല്ലം കേരള മണ്ണിൽ പണിയെടുത്ത, പാർട്ടിയെ വളർത്തിയ, മുസ്ലിം ലീഗിന് ശക്തി പകർന്ന പകുതിയിലധികമുള്ള വനിതാ ലീഗുകാരെ മാറ്റി നിർത്തികൊണ്ടായിരുന്നു ആ നീക്കം. അന്ന് മുസ്ലിം ലീഗിനകത്ത് പ്രതികരിച്ചു. പക്ഷേ മുസ്ലിം ലീഗ് നിശബ്ദത പാലിക്കാൻ പറഞ്ഞുവെന്നും നൂർബിന തുറന്നുപറഞ്ഞു.


ലൈം​ഗിക പീഡന പരാതി ഉന്നയിച്ച ഹരിതയിലെ അം​ഗങ്ങളേയും നൂർബിന വിമർശിച്ചു.  പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായ ചിത്രീകരിച്ചവരോട് മനസുകൊണ്ട് യോജിക്കാന്‍ വനിതാ ലീഗിന് കഴിയില്ലെന്നും അവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് മുസ്ലീം ലീഗിനോട് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും നൂര്‍ബിന വെളിപ്പെടുത്തി. പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഒരു അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നിന്നിട്ട് അവര്‍ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് കാണിച്ച ശേഷം മതിയായിരുന്നു അവരെ സ്ഥാനാര്‍ഥിയാക്കാനെമ്മും നൂര്‍ബിന വിമര്‍ശിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home