എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട്
print edition ‘വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കരുത്’

എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഇടപെടൽ അപേക്ഷയിൽ അമുസ്ലിങ്ങളെ നിയമിക്കരുത് എന്ന് പറയുന്ന ഭാഗം

സ്വന്തം ലേഖകൻ
Published on Jul 25, 2026, 12:00 AM | 1 min read
തിരുവനന്തപുരം : വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ എൽഡിഎഫ് സർക്കാർ സമ്മതമറിയിച്ചുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെയും ലീഗ് നേതാക്കളുടെയും പച്ചക്കള്ളം പൊളിച്ച് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ട്. വഖഫ് ബോർഡുകളിൽ മുസ്ലിങ്ങളല്ലാത്തവരെ ഉൾപ്പെടുത്തരുതെന്നും ഭരണഘടനയുടെ 14, 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണതെന്നുമാണ് എൽഡിഎഫ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. 2025 മെയ് 20ന് സംസ്ഥാന സർക്കാരിനുവേണ്ടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇടപെടൽ അപേക്ഷ നൽകിയത്.
ആർഎസ്‌എസ് അജൻഡക്ക് കൂട്ടുനിന്ന് വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്ന് യുഡിഎഫ് സർക്കാരാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അറിയിച്ചത്. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിലാണ് കേരളം പച്ചക്കൊടി കാട്ടിയത്. എജി ഹൈക്കോടതിയിൽ ബിജെപിക്ക് അനുകൂലമായി വാദിച്ചു. സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായ ജയ്ദീപ് ഗുപ്ത അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പും നൽകി. ഇത് വിവാദമായതോടെയാണ് കഴിഞ്ഞ സർക്കാരിന്റെ തലയിലിട്ട് തടിയൂരാൻ യുഡിഎഫ് ശ്രമം.
കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതിക്കെതിരെ നിരവധി ഹർജിയാണ് സുപ്രീംകോടതിക്ക് ലഭിച്ചത്. ഇതെല്ലാം ആഗസ്‌ത് 25ലേക്ക് മാറ്റി. വഖഫ് നിയമത്തിലെ എല്ലാ ഭേദഗതിയോടും എൽഡിഎഫ് സർക്കാർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമത്തിലെ ഭേദഗതി വരുത്തിയ 14–-ാം വകുപ്പ് പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിങ്ങൾ വന്നാൽ മുസ്ലീം സമുദായത്തിൽനിന്നുള്ള അംഗങ്ങൾ ന്യൂനപക്ഷമായി മാറും. മതപരമായവ, വഖഫ്, വഖഫ് സ്വത്ത് എന്നിവ കൈകാര്യം ചെയ്യാനുള്ള അവകാശത്തിന്റെ കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്ന മുസ്ലീം ന്യൂനപക്ഷത്തിന്റെ ആശങ്ക ന്യായമാണെന്നും എൽഡിഎഫ് സർക്കാർ ഇടപെടൽ അപേക്ഷയിൽ അറിയിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് യുഡിഎഫിന്റെ കള്ളപ്രചാരണം.










0 comments