വീണ്ടും പൂട്ടുമായി സർക്കാർ; നോക്യാപ് ഫേസ്ബുക്ക് പേജിന് മെറ്റ വിലക്ക്

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: നോക്യാപ്പിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ച് മെറ്റ. ഐടി ആക്ട് 2000 ലെ സെക്ഷൻ 79(3)(ബി) പകാരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയത് പേജ് പൂട്ടിയത്. സർക്കാർ മെറ്റയ്ക്ക് നൽകി നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മെറ്റയുടെ നടപടി.
എന്നാൽ, നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയവിരുദ്ധമായത് എന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം മെറ്റയിൽ നിന്നോ സർക്കാരിൽ നിന്നോ ഇതുവരെ നൽകിയിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെ മുറുകെപ്പിടിച്ചും ജനാധിപത്യ-മതേതര മൂല്യങ്ങളിൽ അടിയുറച്ചും മാധ്യമപ്രവർത്തനത്തെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് നോക്യാപ് വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
ഭരണകൂടങ്ങളുടെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യുകയും അധികാരത്തെ ഓഡിറ്റ് ചെയ്യുകയും ചെയ്യുന്ന മാധ്യമപ്രവർത്തനം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്? കേരളത്തിൽ പ്രതിപക്ഷ സ്വരമുയർത്തുന്ന മാധ്യമങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും വിവിധ രീതികളിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വ്യക്തമാണ്.
അതിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ നടപടിയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റത്തെ ശക്തമായി എതിർത്തിട്ടുള്ള സമൂഹമാണ് കേരളത്തിലേത്.
അടിയന്തരാവസ്ഥക്കാലം മുതൽ ഇന്നുവരെ മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത പാരമ്പര്യം മലയാളി സമൂഹത്തിനുണ്ട്. നോക്യാപിന് നേരെയുള്ള ഈ നടപടിയിലും പൊതുസമൂഹത്തിൻ്റെ ശക്തമായ ജാഗ്രതയും ഇടപെടലും ഉണ്ടാകേണ്ടതുണ്ട്.
ഇന്ന് ഒരു മാധ്യമത്തിൻ്റെ ശബ്ദത്തിന് മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം നാളെ ഓരോ പൗരൻ്റെയും അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യമായി മാറരുത്. അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ഘടകമാണ്. ആ അവകാശം സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ജാഗ്രതയിലൂടെയും ഇടപെടലിലൂടെയും ആണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.









0 comments