print edition വേനൽമഴയിൽ കാര്യമായ കുറവില്ല

സ്വന്തം ലേഖിക
Published on May 25, 2026, 12:00 AM | 1 min read
കോഴിക്കോട്: സംസ്ഥാനത്ത് ഇത്തവണ വേനൽമഴയിൽ കാര്യമായ കുറവില്ലെന്ന് കലാവസ്ഥാവകുപ്പിന്റെ കണക്ക്. ഏപ്രിലിൽ 63 ശതമാനത്തിന്റെ കുറവുണ്ടായിരുന്ന വേനൽമഴയിൽ മെയ് അവസാനമാകുമ്പോഴേക്കും എട്ട് ശതമാനം മാത്രമാണ് കുറവ്. 283.5 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് 260.2 മില്ലിമീറ്റർ ലഭിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മാർച്ച് ഒന്ന് മുതൽ മെയ് 24 വരെയുള്ള കണക്ക് പ്രകാരമാണിത്.
നാല് ജില്ലയിൽ അധികമഴയും ആറ് ജില്ലയിൽ സാധാരണ നിലയിലുള്ള മഴയും പെയ്തു. നാല് ജില്ലയിൽ മാത്രമാണ് കുറവ്. 20 ശതമാനത്തിലധികം കുറവ് വന്നാലാണ് കുറവ് വേനൽമഴയായി കണക്കാക്കുക. കൂടുതൽ വേനൽമഴ കണ്ണൂർ ജില്ലയിലാണ്, 55 ശതമാനം. കുറവ് ഇടുക്കിയിൽ 38 ശതമാനം. 361.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 225.1 മില്ലിമീറ്റർ മാത്രമാണ് ജില്ലയിൽ പെയ്തത്. കോഴിക്കോട് 38, കാസർകോട് 26, ആലപ്പുഴയിൽ 24, പത്തനംതിട്ടയിൽ 10 ശതമാനം വീതം അധികമഴ ലഭിച്ചു.
എറണാകുളം (22), ഇടുക്കി (38), കൊല്ലം (16), കോട്ടയം (2), മലപ്പുറം (26), പാലക്കാട് (37), തിരുവനന്തപുരം (19), തൃശൂർ (6), വയനാട് (7) ശതമാനംവീതം കുറവാണ് മറ്റുജില്ലകളിൽ ലഭിച്ച മഴ. വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്. അറബിക്കടലിൽ ചക്രവാതച്ചുഴിയുമുണ്ട്.









0 comments