print edition നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിച്ചില്ല; പൾസർ സുനിയുടെ ആവശ്യം തള്ളി


സ്വന്തം ലേഖകൻ
Published on Jul 15, 2026, 12:01 AM | 1 min read
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാംപ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച 20 വർഷം കഠിനതടവ് മരവിപ്പിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്‌റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
എട്ടുവർഷത്തോളമായി ജയിലിലാണെന്നും അപ്പീലിൽ തീരുമാനം ഉണ്ടാകാൻ കാലതാമസം എടുക്കുമെന്നതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നും ഹർജിയിൽ പറഞ്ഞു. കുറ്റക്കാരനെന്ന് വിചാരണക്കോടതി കണ്ടെത്തിയ സാഹചര്യത്തിൽ നിരപരാധിയെന്ന മുൻധാരണ ബാധകമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ സ്വഭാവം ഗുരുതരമാണ്. പണം വാങ്ങി നടിയെ ആസൂത്രിതമായി ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പകർത്തി അപമാനിക്കുകയും ചെയ്തുവെന്ന കേസ് സമൂഹത്തെ നടുക്കുന്നതാണ്. ദീർഘകാലം തടവിലാണ് എന്നത് ശിക്ഷ മരവിപ്പിക്കാൻ കാരണമല്ല.
അതിജീവിതയുടെ മൊഴി വിശ്വസനീയമാണ്. മെഡിക്കൽ, ശാസ്ത്രീയ തെളിവുകൾ അതിനെ പിന്തുണയ്ക്കുന്നതായും വിചാരണക്കോടതി കണ്ടെത്തിയിട്ടുണ്ട്. വിധിയിൽ നിയമവൈകല്യമോ വ്യക്തമായ പിഴവോ കണ്ടെത്താനായില്ലെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പൾസർ സുനി കൊടുംകുറ്റവാളിയാണെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്. സുപ്രീംകോടതി നേരത്തെ ജാമ്യം നൽകിയപ്പോൾ ജാമ്യവ്യവസ്ഥ ലംഘിച്ച് മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.









0 comments