ഒരാളും പാലിയേറ്റീവ് പരിചരണം ലഭിക്കാതെ വിഷമിക്കരുത്: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Jun 28, 2025, 08:28 PM | 1 min read
കൊച്ചി: പാലിയേറ്റീവ് കെയർ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്ങനെ വന്നാൽ മാത്രമേ ഈ രംഗത്തെ ഇടപെടലുകൾ പൂർണ വിജയത്തിലെത്തിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി ഉദ്‌ഘാടനവും കേരള കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനോദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാലിയേറ്റീവ് കെയർ എന്നത് സാമൂഹ്യ മനസ്ഥിതിയായി ഉയരണം. അത്തരം പൊതുബോധത്തിലേക്ക് സമൂഹം ഉയരണം. സർക്കാർ കുറേ കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ സമൂഹമാകെ നല്ലരീതിയിൽ പങ്കുവഹിക്കണം. സമൂഹത്തിന്റെ ഉത്തരവാദിത്തമാണിതെന്ന ബോധ്യം സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഇതിനായുള്ള ബോധവൽകരണത്തിന് രാഷ്ട്രീയ പാർടികൾ, ബഹുജന, സാമൂഹ്യ സംഘടനകൾ, കൂട്ടായ്‌മകൾ എല്ലാം മുൻകയ്യെടുക്കണം. ഒരാളും പാലിയേറ്റീവ് പരിചരണം ലഭിക്കാതെ വിഷമിക്കരുത്. ആ അവസ്ഥയിലേക്ക് നാടിനെ ഉയർത്താൻ സമൂഹം ഇടപെടണം. സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയൊതു മാതൃകയാണ്. ആരോഗ്യ മേഖലയിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ദീർഘകാല രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും കിടപ്പുരോഗികൾക്കും സാന്ത്വനം പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ് വർക്ക് ടീമിനുള്ള ഉപഹാരം മന്ത്രിമാരായ വീണാ ജോർജും എം ബി രാജേഷും നൽകി . വ്യവസായ മന്ത്രി പി രാജീവ്, പി വി ശ്രീനിജൻ എം എൽ എ, ഹൈബി ഈഡൻ എംപി, കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ,ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗേഡ, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡോ എസ് ചിത്ര എന്നിവർ സന്നിഹിതരായി.









0 comments