ad
Deshabhimani

പാഠപുസ്തകം തയ്യാറാക്കുന്നത് സംസ്ഥാനം; പിന്മാറാമെന്നും കരാറിലുണ്ട്; സുരേന്ദ്രന്റേത് സ്വപ്നം മാത്രം: വി ശിവൻകുട്ടി

V Sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Oct 26, 2025, 12:28 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ തുടർന്നുവന്ന ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസനയം ഒരുകാരണവശാലും അടിയറവ് വെക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതുകൊണ്ട് പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ ആശങ്കപ്പെടേണ്ടതില്ല. പാഠപുസ്തകം ഇറക്കുന്നതിനുള്ള എല്ലാ അധികാരവും സംസ്ഥാനങ്ങൾക്കാണെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻഇപി) പറയുന്നുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാനാകില്ലെന്ന് പറയുന്നത് തെറ്റാണ്. ഏത് നിമിഷം വേണമെങ്കിലും സംസ്ഥാനത്തിനും കേന്ദ്രസർക്കാരിനും പിന്മാറാമെന്ന് കേരളം ഒപ്പുവെച്ച കരാറിൽ പറയുന്നുണ്ട്. ഇരു കക്ഷികൾക്കും അതിനുള്ള അവകാശമുണ്ട്. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങളും മുൻപേ കേരളം നടപ്പാക്കിയതാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് അവ.


എൻഇപി വഴി ആർഎസ്എസ് നേതാക്കളുടെ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കും എന്നുള്ള ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്വപ്നം മാത്രമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സുരേന്ദ്രൻ വിചാരിക്കുന്നത് പോലെ ഒരുകാരണവശാലും കേരളത്തില്‍ നടക്കാൻ പോകുന്നില്ല. ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള 3.80 കോടി പാഠപുസ്തകങ്ങൾ അച്ചടിച്ച് കഴിഞ്ഞു. അത് പോലും മനസിലാക്കാതെയാണ് സുരേന്ദ്രൻ പറയുന്നത്. 11, 12 ക്ലാസുകളിലേക്കുള്ള പുതുക്കിയ പാഠപുസ്തകങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തകങ്ങളിൽ തെറ്റായ ഉള്ളടക്കം കേന്ദ്രസർക്കാർ നിർദേശത്തിൽ ഉൾപ്പെടുത്തിയപ്പോൾ, അതിനെ മറികടക്കാൻ ബദൽ പാഠപുസ്തകം ഇറക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്തതാണ് കേരള സർക്കാർ.


കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിന് കിട്ടേണ്ട ഫണ്ട് വേണ്ടെന്ന് വെക്കാനാകില്ല. 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home