print edition പാതിമുറിഞ്ഞ സ്വപ്‌നങ്ങളില്ല, ദേവൂട്ടിക്കിനി പറന്നുയരാം

പെരുമ്പളംപാലം പൂർത്തിയായശേഷം സ്കൂൾ ബസിൽ വീട്ടിലെത്തിയ ദേവൂട്ടിക്കൊപ്പം ആഹ്ലാദം പങ്കിടുന്ന കൂട്ടുകാർ
ഗോകുൽ ഗോപി
Published on Mar 12, 2026, 02:06 AM | 1 min read
പെരുമ്പളം: പശ്ചാത്തലവികസനം നാടിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകുക മാത്രമല്ല കാണുന്ന സ്വപ്‌നത്തിന്റെ ദൈർഘ്യം പരിമിതപ്പെടുത്താതെയുമിരിക്കാം എന്നതിന്റെ തെളിവാണ് ദേവൂട്ടി.
സ്‌കൂളിലെത്താൻ അതിരാവിലെയുള്ള അമ്മയുടെ വിളിയും ഓട്ടപ്പാച്ചിലും ഇനി ആ കുരുന്നിനെ അലട്ടില്ല. ഉൗണും ഉറക്കവും പ-ഠനവും ബോട്ട് നിശ്ചയിച്ച ദിനങ്ങൾക്കാണ് വിട. പാതിമുറിഞ്ഞ സ്വപ്‌നങ്ങളുടെ പ്രഭാതത്തിൽനിന്ന് പാലമേറിയ തിളക്കത്തിലാണ് ദേവൂട്ടിയെന്ന എസ് സാവേരിയയുടെ പുഞ്ചിരി. ഇരുകരകൾ പരസ്‌പരം കരംപിടിക്കുമ്പോൾ അത് മനുഷ്യ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളുടെയും സന്തോഷത്തിന്റെയും നേർസാക്ഷ്യമാണിത്.
പെരുമ്പളത്തുനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളുടെ പ്രതിനിധിയാണ് വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളിലെ എൽകെജി വിദ്യാർഥിനി ദേവൂട്ടി. പള്ളിപ്പുറം ഗവ. ടെക്‌നിക്കൽ എച്ച്‌എസ്‌എസിലെ അധ്യാപികയായ അമ്മ ശ്രീപ്രിയയുടെ ഒപ്പം രാവിലെ എട്ടിന് സ്‌കൂളിലേക്ക് പോയി തിരികെയെത്തുന്നത് വൈകിട്ട് ആറിനാണ്.
പാലം വന്നതോടെ രാവിലെ 9.30നും പകൽ 3.30നും സ്‌കൂൾ ബസ് വീട്ടിലെത്തിത്തുടങ്ങിയിരിക്കുന്നു. ഇൗ സന്തോഷം പങ്കുവച്ച അച്ഛൻ ശരത്തിന്റെ ഫെയ്സ്‌ബുക്ക് കുറിപ്പ് കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. കുറിപ്പ് ശ്രദ്ധയിൽപ്പെട്ട മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷം പങ്കുവച്ചതോടെ ദേവൂട്ടി സ്‌കൂളിലും താരമായിക്കഴിഞ്ഞു.










0 comments