print edition ബോണസും ഉത്സവബത്തയും വർധിപ്പിച്ചില്ല

തിരുവനന്തപുരം: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോഴും സർക്കാർ ജീവനക്കാരുടെ ഉത്സവബത്തയിലും ബോണസിലും ഒരു രൂപപോലും വർധിപ്പിക്കാതെ യുഡിഎഫ് സർക്കാർ. ഓണക്കാലത്ത് നൽകുമെന്ന് പ്രഖ്യാപിച്ച ക്ഷാമബത്തയും അനുവദിച്ചിട്ടില്ല. കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ ബോണസ് 4000 രൂപയിൽൽനിന്ന് 4,500ആയും ഉത്സവബത്ത 2750ൽ നിന്ന് 3000ആയും വർധിപ്പിച്ചിരുന്നു.
12 ശതമാനം ഡിഎ ഫെബ്രുവരിയിലാണ് 35 ശതമാനമായത്. കേന്ദ്രസർക്കാർ സൃഷ്‌ടിച്ച കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലാണ് എൽഡിഎഫ് സർക്കാർ ബോണസും ഉത്സവബത്തയും വർധിപ്പിച്ചത്. ഇത്തവണയും വർധനവുണ്ടാകുമെന്ന് കരുതിയ ജീവനക്കാർക്ക് തിരിച്ചടിയേറ്റു. സാധനങ്ങൾക്ക് രൂക്ഷമായ വില കുതിച്ചുയരുമ്പോൾ ഒരു രൂപ പോലും വർധിപ്പിക്കാതെ തങ്ങളെ സർക്കാർ വഞ്ചിച്ചുവെന്ന വികാരം ജീവനക്കാർക്കുണ്ട്. ബോണസിന്റെ അർഹത പരിധി സംബന്ധിച്ച് തെറ്റായ പ്രചാരണവുമുണ്ട്.
എൽഡിഎഫ് സർക്കാർ അനുവദിച്ച ക്ഷാമബത്ത വർധനവുകൂടി ചേർത്ത് കണക്കാക്കിയാൽ കഴിഞ്ഞവർഷം ബോണസിന് അർഹതയുണ്ടായിരുന്നവർക്കുപോലും പൂർണമായി ബോണസ് കിട്ടാൻ പര്യാപ്തമല്ല ഇപ്പോഴത്തെ അർഹതാ പരിധി. ഡിഎ നൽകുന്നതിലും സർക്കാർ അമാന്തം കാട്ടുന്നു. ബജറ്റിലും ജീവനക്കാർക്കുള്ള ആനുകൂല്യം സമയബന്ധിതമായി നൽകുമെന്നല്ലാതെ ഉറപ്പുനൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. ശമ്പളപരിഷ്‌കരണ കമീഷന്റെ പ്രവർത്തനവും അവസാനിച്ചമട്ടാണ്.
ബോണസ് ആനുകൂല്യങ്ങൾ അട്ടിമറിച്ചു: സിഐടിയു
തൊഴിലാളികൾക്ക് അർഹമായ ബോണസ് ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാനും തൊഴിൽമേഖലയെ തകർക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി. എൽഡിഎഫ് സർക്കാർ തൊഴിലാളികൾക്ക് നൽകിയിരുന്ന ബോണസ് വ്യവസ്ഥകൾ തകിടംമറിച്ച് പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ബോണസും ഉത്സവബത്തയും നൽകാത്തത് പ്രതിഷേധാർഹമാണ്.
എൽഡിഎഫ് സർക്കാർ 2024–-25ൽ കയർ, കശുവണ്ടി മേഖലകളിൽ തൊഴിലാളികൾക്ക് പരമാവധി ബോണസ് കിട്ടാൻ സൗകര്യമൊരുക്കിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും തടയുന്ന രീതിയിലാണ് പുതിയ പരിഷ്കാരം. സങ്കീർണ നിബന്ധനയിലൂടെ അധിക ആനുകൂല്യങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
എൽഡിഎഫ് നടപ്പാക്കിയ തൊഴിലാളി സൗഹൃദ മാർഗനിർദേശങ്ങൾ പുനഃസ്ഥാപിക്കണമെന്നും യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സിഐടിയു പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
നാളെ ജീവനക്കാരുടെ പ്രതിഷേധം
ബോണസ് പ്രഖ്യാപനത്തിലും ഉത്സവബത്തയിലും ജീവനക്കാരെ വഞ്ചിച്ച സർക്കാർ നയത്തിനെതിരെ തിങ്കളാഴ്‌ച എഫ്‌എസ്‌ഇടിഒ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തും. അർഹതാ പരിധിയിലെ മാറ്റത്തിലൂടെ ബോണസിന് അർഹതയുണ്ടായിരുന്നവർക്കും ഇൗ വർഷം ബോണസ് കിട്ടില്ലെന്ന അവസ്ഥയാണെന്ന് എഫ്‌എസ്‌ഇടിഒ പ്രസിഡന്റ് ടി കെ എ ഷാഫിയും ജനറൽ സെക്രട്ടറി എം വി ശശിധരനും പ്രസ്‌താവനയിൽ പറഞ്ഞു.
തീർത്തും നിരാശാജനകമാണ് ബോണസ് പ്രഖ്യാപനമെന്ന് എൻജിഒ യൂണിയൻ പ്രസ്താവിച്ചു. ഏൺഡ് ലീവ് സറണ്ടർ അടക്കം നിർത്തലാക്കി. അഷ്വേർഡ് പെൻഷനും ക്ഷാമബത്ത കുടിശ്ശികയും അനിശ്ചിതത്വത്തിലാക്കി. പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിലും നിഷേധാത്മക നിലപാടാണ്. ഇൗ നടപടിക്കെതിരെ പ്രതിഷേധം ഉയർത്താൻ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.










0 comments