print edition നോ ഗ്യാരന്റി: എല്ലാ ബസും പ്രിയദർശിനിയാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ കെഎസ്‌ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന്, തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫ് നൽകിയ ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്‌ദാനം ലംഘിച്ച് യുഡിഎഫ് സർക്കാർ. സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകളിലാണ് നടപ്പാക്കുന്നതെന്നും മറ്റു ബസുകളിലേക്ക് വ്യാപിപ്പിക്കുന്നത് പിന്നീട് പരിഗണിക്കുമെന്നും മന്ത്രി സിപി ജോൺ നിയമസഭയിൽ പറഞ്ഞു. എന്നാൽ, എല്ലാ ബസുകളും പ്രിയദർശിനിയാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നാണ് സഭാരേഖകളിൽ ഉള്ളത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിൽ സർക്കാരിനുണ്ടായ ചിലവ് വ്യക്തമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. സ്വകാര്യ ബസുകൾ ചില സ്ഥലങ്ങളിൽ മാത്രമാണ് പ്രതിസന്ധിയെന്നും തീരെ മുന്നോട്ടു കൊണ്ടുപോവാൻ പറ്റാത്ത ബസുകൾ കെഎസ്‌ആർടിസി പാട്ടത്തിനെടുക്കുമെന്നും പറഞ്ഞു.
കെഎസ്‌ആർടിസി ഡിപ്പോ നവീകരണം: പൊതു ഇടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം
കെഎസ്‌ആർടിസി ഡിപ്പോ നവീകരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലിട്ട സർക്കാർ ഉത്തരവ് ന്യായീകരിച്ച് ഗതാഗതമന്ത്രി സി പി ജോൺ. ഡിപ്പോ പൊതു ഇടമാണെന്നും ശുചിമുറികൾ ഉൾപ്പെടെ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്ക് ഉണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യതകൂടി തദ്ദേശ സ്ഥാപനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് പ്രായോഗികമാണോയെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്ലാ തദ്ദേശസ്ഥാപനങ്ങളും നിർബന്ധമായി നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നില്ല. കോർപറേഷൻ, മുനിസിപ്പാലിറ്റി പോലെ ഉയർന്ന വരുമാനമുള്ളവയ്ക്ക് സ്വന്തം നാട്ടിലെ ഡിപ്പോ നവീകരിക്കണമെങ്കിൽ അതാകാം. കെഎസ്‌ആർടിസി പൂർണമായും ചുമതലയിൽനിന്ന് മാറിനിൽക്കില്ല – മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെഎസ്‌ആർടിസി നവീകരണം തദ്ദേശസ്ഥാപനങ്ങൾക്ക് ചെയ്യാമെന്ന ഉത്തരവിറക്കിയത്.
ഇതോടെ, സ്വന്തം ആവശ്യത്തിന് പണമില്ലാത്ത പഞ്ചായത്തുകൾപോലും രാഷ്ട്രീയ സമ്മർദം കാരണം ഡിപ്പോകൾക്കായി ഫണ്ട് നീക്കിവയ്ക്കാൻ നിർബന്ധിതരാകുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യത തദ്ദേശസ്ഥാപനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് വികേന്ദ്രീകരണത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് തദ്ദേശ ജനപ്രതിനിധികൾ എതിർപ്പറിയിച്ചിരുന്നു.









0 comments