അവഗണന തിരുത്തണം ; കേന്ദ്രത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി
print edition കേന്ദ്രത്തിനെതിരെ മിണ്ടില്ല ; ബിജെപിക്ക് കൈ കൊടുത്ത് പ്രതിപക്ഷം

തിരുവനന്തപുരം
കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിനെതിരായ പ്രമേയത്തെ അനുകൂലിക്കാതെ നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. വിവിധ ആവശ്യങ്ങളോട് മുഖംതിരിച്ചതിനെതിരായ ആശങ്കയും പ്രതിഷേധവുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പങ്കുവച്ചത്. കാൽനൂറ്റാണ്ടോളമായി കേരളം ആവശ്യപ്പെടുന്ന എയിംസുൾപ്പെടെ അതിലുണ്ട്. കോച്ച് ഫാക്‌ടറി, വിഴിഞ്ഞം വിജിഎഫ് ഗ്രാന്റ് തുടങ്ങി സംസ്ഥാനത്തിന്റെ സുപ്രധാന ആവശ്യങ്ങൾ അവഗണിച്ചതിലും തൊഴിലുറപ്പ് അട്ടിമറിക്കുന്നതിലുമുള്ള പ്രതിഷേധമാണ് പ്രമേയം. സംസ്ഥാനം ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സന്ദർഭത്തിൽ ഒരടിസ്ഥാനവുമില്ലാത്ത വിഷയം ഉന്നയിച്ച് സഭ അലങ്കോലപ്പെടുത്തുകയായിരുന്നു പ്രതിപക്ഷം.
കേന്ദ്ര–സംസ്ഥാന ബജറ്റുകൾ താരതമ്യം ചെയ്യാനും കേന്ദ്ര അവഗണന തുറന്നുകാട്ടാനും പറ്റിയ അവസരമാണ് പ്രതിപക്ഷം ആസൂത്രിതമായി ഉപേക്ഷിച്ചത്. ബിജെപിക്കെതിരായ ചർച്ച എങ്ങിനെയും ഒഴിവാക്കാനായുന്നു ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്–ബിജെപി ‘ഡീൽ’ നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപിപ്പിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇൗ ഒളിച്ചുകളി. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം പ്രതിപക്ഷം ചർച്ചയ്‌ക്കോ അടിയന്തിര പ്രമേയം അവതരിപ്പിക്കാനോ തയ്യാറായിട്ടില്ല. ചോദ്യോത്തരവേള തുടങ്ങുമ്പോൾത്തന്നെ ശബരിമല ബാനർ ഉയർത്തി ബഹളമാണ്.
സപീക്കറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ബുധനാഴ്‌ച ബജറ്റ്‌ചർച്ച അവസാനിപ്പിച്ച് മന്ത്രി മറുപടി പറഞ്ഞു. വ്യാഴാഴ്‌ച കൂടി സഭ ചേരും. തുടർന്ന് പത്ത് നാൾ അവധി. 23ന് വീണ്ടും ചേരും.
അവഗണന തിരുത്തണം ; കേന്ദ്രത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത അവഗണനയില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ച് കേരള നിയമസഭ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ സഭ പാസാക്കി. രണ്ടു ദശാബ്‌ദത്തിലേറെയായി ആവശ്യപ്പെടുന്ന എയിംസിന് ഭൂമി കണ്ടെത്തിയിട്ടും കേന്ദ്രസര്‍ക്കാരിൽനിന്ന് നടപടിയുണ്ടായില്ല.
തൊഴിലുറപ്പുപദ്ധതിയെ പരിവര്‍ത്തനംചെയ്‌തതിലൂടെ കേന്ദ്രസഹായം 60 ശതമാനം കുറഞ്ഞു. ഇതിലൂടെ 3,800 കോടിയുടെ നഷ്‌ടമുണ്ടാകും. കേരളത്തിന്റെ റെയില്‍വേ ശൃംഖലയ്‌ക്ക് വേഗംകുറവാണ്. തിരുവനന്തപുരം– കാസര്‍കോട് യാത്ര 13 മണിക്കൂറാണ്. അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇക്കാര്യത്തിലും അവഗണിച്ചു. നിര്‍ദിഷ്‌ട കോച്ച് ഫാക്‌ടറിക്കുള്ള അനുമതിയും നിഷേധിച്ചു. തിരുവനന്തപുരം–മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് ലൈനുകള്‍ക്കുള്ള സര്‍വേപ്രവര്‍ത്തനം ആരംഭിക്കണമെന്നതും ചെവിക്കൊണ്ടില്ല.
വിഴിഞ്ഞം തുറമുഖപദ്ധതിക്കുള്ള വിജിഎഫ് ഗ്രാന്റായി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടും തിരിച്ചടവിന് വിധേയമായ വിജിഎഫാണ് അനുവദിച്ചത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയ്ന്റ് ഓഫ് കാള്‍ ലഭ്യമാക്കണമെന്നതും പരിഗണിച്ചില്ല. മുണ്ടക്കൈ-–ചൂരല്‍മല ദുരന്തത്തില്‍ അര്‍ഹിക്കുന്ന നഷ്‌ടപരിഹാരം നല്‍കിയില്ല. ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളാനുള്ള വകുപ്പ് റദ്ദുചെയ്‌തു.
സംസ്ഥാനത്തിന്റെ കമ്പോള വായ്‌പാപരിധി വെട്ടിക്കുറച്ചു. 2026–-27 അവസാനപാദത്തില്‍ 5,944 കോടിയാണ് കുറച്ചത്.
ഗ്യാരന്റി സിങ്കിങ് ഫണ്ടിന്റെ പേരില്‍ 3,323 കോടിയും കുറച്ചു. പതിനാറാം ധനകമീഷന്‍ റവന്യൂ കമ്മി ഗ്രാന്റുകള്‍ നിര്‍ത്തലാക്കി. പതിനഞ്ചാം ധനകമീഷന്റെ കാലയളവില്‍ ലഭിച്ച 53,000 കോടി പതിനാറാം ധനകമീഷന്റെ നടപടിയിലൂടെ ഇല്ലാതായി.ഐജിഎസ്ടി ഇനത്തില്‍ ലഭിക്കാനുള്ള 965.16 കോടി തടഞ്ഞു.
ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെയുള്ള സാമ്പത്തികനഷ്‌ടം നികത്താന്‍ നഷ്‌ടപരിഹാരം അനുവദിച്ചില്ല. ദേശീയപാതാവികസനത്തിന് ഭൂമിയേറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിച്ചത് സംസ്ഥാനമാണ്. വികസനത്തിന് വിലങ്ങുവയ്‌ക്കുന്ന സമീപനം അടിയന്തരമായി തിരുത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണം –പ്രമേയത്തിൽ പറയുന്നു.










0 comments