print edition നിതിൻ രാജിന്റെ മരണം; അധ്യാപകന്റേത് മനുഷ്യത്വവിരുദ്ധ നിലപാട്

ന്യൂഡൽഹി/ കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിന്റെ പെരുമാറ്റം മനുഷ്യത്വവിരുദ്ധമെന്ന് സുപ്രീംകോടതി.
മുൻകൂർ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് രൂക്ഷമായി വിമർശിച്ചത്. കുട്ടികളോട് ഇങ്ങനെ പെരുമാറരുതെന്ന സന്ദേശം എല്ലാ അധ്യാപകർക്കും നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
"അയാൾക്ക് എങ്ങനെ വിദ്യാർഥികളെ അഭിമുഖീകരിക്കാനാകും. മനുഷ്യത്വവിരുദ്ധത എന്ന വാക്ക് മാത്രമാണ് മനസ്സിൽ വരുന്നത്. കുട്ടികൾ ക്ലാസ് മുറിയിൽ ഇങ്ങനെ അപമാനിക്കപ്പെട്ടാൽ പ്രത്യാഘാതം എന്താകും,' –കോടതി ചോദിച്ചു.
റാമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, കുട്ടി ആത്മഹത്യചെയ്‌ത ദിവസം ജാതീയമായ പരാമർശം റാം നടത്തിയിട്ടില്ലെന്ന് വാദിച്ചെങ്കിലും കോടതി തള്ളി. അറസ്റ്റ് അനിവാര്യമായതോടെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ആന്ധ്രാപ്രദേശിലേക്ക് പോകും.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ, സംഘം ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമെത്തിയെങ്കിലും ഫോൺ ഉപേക്ഷിച്ച് ബന്ധുക്കളുടെ വീട്ടിൽ മാറിമാറി താമസിക്കുന്ന റാമിനെ പിടികൂടാനായിരുന്നില്ല. രണ്ടാം പ്രതി ഡോ.സംഗീത നമ്പ്യാർക്ക് നേരത്തേ സോപാധികജാമ്യം ലഭിച്ചിരുന്നു.
സഹോദരി നിഖിലയുമായി നിധിൻ രാജ് നടത്തിയ ഫോൺ ചാറ്റുകളിൽ റാമും സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തികനിലയുടെയും പേരിൽ അധിക്ഷേപിച്ചതായി പറയുന്നുണ്ട്.










0 comments