നിധിൻ രാജിന്റെ മരണം: പ്രിൻസിപ്പാളിന്റെ മുറിയിൽ അധ്യാപകർ ഫോൺ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളേജ് അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് നിതിന്റെ ഫോൺ അധ്യാപകർ ബലമായി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
പ്രിൻസിപ്പാളിനെ കൂടാതെ മൂന്ന് അധ്യാപകരും ഈ സമയം മുറിയിലുണ്ടായിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കപ്പെട്ട അധ്യാപകർ നിലവിൽ ഒളിവിൽ തുടരുകയാണ്.
പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവർ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോളേജിലെ എച്ച്ഒഡി ആയിരുന്ന എംകെ റാമിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു.
നിതിനെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അധ്യാപകർക്കെതിരെയുള്ള പരാതി. അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് 'ഇൻസ്റ്റാ പേ' ലോൺ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.
ആപ്പിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിതിനെ ഭീഷണിപ്പെടുത്തിയതായും മാനസികമായി പീഡിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. അധ്യാപകരുടെ പീഡനത്തിനൊപ്പം ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും വിദ്യാർത്ഥിയെ സമ്മർദ്ദത്തിലാക്കിയെന്നാണ് പ്രാഥമിക നിഗമനം. കേസിൽ അധ്യാപകർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments