നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; പിതാവിന്റെ വാദവും കോടതി കേൾക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എംകെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
മരിച്ച നിതിൻ രാജിന്റെ പിതാവിന്റെ വാദം കൂടി കേട്ട ശേഷമാകും കോടതി വിധി പ്രസ്താവിക്കുക. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന ഡോ. റാമിന്റെ അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അധ്യാപകരുടെ പീഡനമാണ് തന്റെ മകന്റെ മരണത്തിന് കാരണമായതെന്ന ഉറച്ച നിലപാടിലാണ് നിതിന്റെ കുടുംബം.
ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ നിർദ്ദേശപ്രകാരം നിതിന്റെ പിതാവ് കോടതിയിൽ ഹാജരായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയുടെ പകർപ്പ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.
പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങളെ പിതാവിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ശക്തമായി എതിർത്തേക്കും. കോളേജിലെ ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.










0 comments