കണ്ണീരോടെ വിട; നിതിൻ രാജിന്റെ സംസ്കാരം നടത്തി

നിതിൻ രാജ്
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം നടത്തി. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്കും കുടുംബത്തിനും തീരാനോവായി നിതിൻ മടങ്ങി. സഹോദരിയുടെ വീട്ടുവളപ്പിലാണ് നിതിൻ അന്ത്യവിശ്രമം കൊള്ളുന്നത്.
മരണത്തിന് മുൻപ് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോളേജിലെ അധ്യാപകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരം അപമാനിക്കാറുണ്ടെന്നും അസുഖബാധിതയായ അമ്മയെക്കുറിച്ച് അധ്യാപകൻ മോശമായി സംസാരിച്ചെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.
നിതിനെ വംശീയമായി അധിക്ഷേപിച്ചതായും പുഴുത്ത പട്ടി എന്ന് വിളിച്ചതായും കുടുംബം ആരോപിക്കുന്നു. മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിതിന്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധ്യാപകരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങും ആത്മഹത്യയ്ക്ക് കാരണമായെന്ന് കുടുംബം ആരോപിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.










0 comments