നിതിൻ രാജിന്റെ മരണം: 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകണമെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും 30 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ എഡിജിപി കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്ക് നിർദേശം നൽകി.
കേസിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് പൊലീസ് നീക്കം. മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ ഭീഷണിയുണ്ടോ എന്ന കാര്യവും ക്രൈംബ്രാഞ്ച് പരിശോധിക്കും.
നിതിൻ രാജിന്റെ ഫോൺ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും വിവരങ്ങൾ പുറത്തുപോകരുതെന്നും അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്. കോടതി ആവശ്യപ്പെടുകയാണെങ്കിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുടുംബത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്.
കോളേജിലെ വകുപ്പ് മേധാവി ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും നിരന്തരം അധിക്ഷേപിച്ചിരുന്നതായും ഇന്റേണൽ മാർക്കിനെ ചൊല്ലി വൈരാഗ്യം കാണിച്ചിരുന്നതായും നിതിൻ നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നു.
ഈ പീഡനങ്ങൾ സഹിക്കവയ്യാതെ നിതിൻ കുറച്ചുദിവസം കോളേജിൽ പോകാതെ വീട്ടിൽ നിന്നിരുന്നു. കഴിഞ്ഞ മാസം 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച വിവരം വീട്ടുകാർ അറിയുന്നത്. മരിച്ച ദിവസം രാവിലെ സഹോദരിയോട് ഭക്ഷണം കഴിക്കാൻ പണം ആവശ്യപ്പെടുകയും അവർ പണം അയച്ചുനൽകുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് 1:30-ഓടെ കോളേജിൽ നിന്ന് ഒരു അധ്യാപിക വിളിച്ചാണ് അപകടവിവരം അറിയിച്ചത്. എന്നാൽ നിതിൻ മരിച്ച വിവരം കോളേജ് അധികൃതർ മറച്ചുവെച്ചതായും വാർത്തകളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്നും മാതാവ് ലത പറഞ്ഞു.










0 comments