ad
Deshabhimani

നിതിൻ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഒരു അധ്യാപകൻ കൂടി രാജിവച്ചു; കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യത

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
വെബ് ഡെസ്ക്

Published on Apr 18, 2026, 10:02 AM | 1 min read

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിൽ അധ്യാപകരുടെ രാജി തുടരുന്നു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് ഒടുവിലായി രാജിവച്ചത്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉൾപ്പെട്ടിരുന്നു.


സംഭവത്തിൽ ആരോപണവിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും വരുംദിവസങ്ങളിൽ രാജിവച്ചേക്കുമെന്നാണ് സൂചന. അതേസമയം, മരണത്തിന് തൊട്ടുമുമ്പ് പ്രിൻസിപ്പാളിന്റെ മുറിയിൽ നടന്ന കാര്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് അധ്യാപകരെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


പ്രിൻസിപ്പാളും മൂന്ന് അധ്യാപകരും ചേർന്ന് നിതിന്റെ ഫോൺ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിതിൻ ജീവനൊടുക്കിയത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് എച്ച്ഒഡി ആയ എംകെ റാമിനെ നേരത്തെ ചുമതലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


നിതിനെ മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന പരാതിയിലും, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവർ നിലവിൽ ഒളിവിലാണ്.


ഇവർ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് നിതിന്റെ മരണത്തിന് കാരണമെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home