നിപ: പാലക്കാട് സ്വദേശി ​ഗുരുതരാവസ്ഥയിൽ; സമ്പർക്ക പട്ടികയിൽ 173പേർ,52 പേർ ഹെെ റിസ്ക്ക് കോണ്ടാക്ടിൽ

NIPAH 2.

ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Jul 07, 2025, 12:34 PM | 2 min read

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ യുവതി ഗുരുതരാവസ്ഥയിൽ. നിപ വ്യാപനം ഒഴിവാക്കാനുള്ള കർശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണജോർജ് പറഞ്ഞു . പാലക്കാട് ജില്ലയിൽ 173 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതിൽ 100 പേർ പ്രാഥമികസമ്പർക്ക പട്ടികയിലും 73 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. 52 പേർ ഹൈ റിസ്‌കിലും 48 പേർ ലോ റിക്‌സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കൽ കൊളേജിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


രോഗിയായ തച്ചനാട്ടുകര സ്വദേശിനി (38)ക്ക് മോണോ ക്രോണൽ ആന്റിബോഡി ആദ്യ ഡോസ് നൽകിയിരുന്നു. രണ്ടാമത്തെ ഡോസും നൽകി. ജില്ലയിൽ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവ് ആണ്. നാലുപേരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് പരിശോധിക്കും.


രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട് . ഇവിടെ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ കൃത്യവും വ്യക്തവുമായ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതായി മന്ത്രി അറിയിച്ചു. നിപ രോഗബാധയിൽ ലക്ഷണങ്ങൾ തീവ്രമാകുമ്പോഴാണ് വ്യാപനം കൂടുതലായി നടക്കുന്നത് എന്നുള്ളതിനാൽ ജൂലൈ ഒന്നു മുതൽ നിർണായകമായി പരിഗണിച്ച് വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് നടക്കുന്നതെന്ന് മന്ത്രി അറിയിച്ചു.ർ


മണ്ണാർക്കാട് സ്വകാര്യ ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം പോലീസിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്. ഇദ്ദേഹം മലയാളിയല്ലായെന്നും ഇദ്ദേഹത്തിന്റെ മൊബൈൽ സിഗ്നൽ മലപ്പുറം കേന്ദ്രീകരിച്ച് ലഭ്യമായതായും മന്ത്രി അറിയിച്ചു.


കഴിഞ്ഞ ആറുമാസത്തിനിടെ മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങൾ മൂലം മരണപ്പെട്ട വ്യക്തികളുടെ രോഗ കാരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ ആശുപത്രികളെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും സഹകരണത്തോടുകൂടി ആയിരിക്കും പരിശോധന. മഞ്ചേരി-കോഴിക്കോട് മെഡിക്കൽ കോളെജുകളിൽ സാമ്പിളുകളുടെ പ്രാഥമിക പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും പൂനെ വയറോളജി ലാബിലെ പരിശോധന ഫലമാണ് അന്തിമമായും ഔദ്യോഗികമായും പരിഗണിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതിക്കായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.


ജില്ലയിൽ ഫീൽഡ് സർവയലൻസ് ശക്തമാക്കിയിട്ടുണ്ട്. ക്വാറൻന്റൈനിൻ ഉള്ളവർക്ക് സാമൂഹിക- മാനസിക പിന്തുണ ഉറപ്പു വരുത്തുന്നുണ്ട്. വീടുകളിലും പരിസരപ്രദേശങ്ങളിലും മൃഗങ്ങളുടെ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദ്യാഭ്യാസം ഉൾപ്പെടെ 27 കമ്മിറ്റികൾ ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികളും മാസ്‌ക് ഉൾപ്പെടെയുളള അവശ്യ വസ്തുക്കളും മറ്റും എത്തിക്കുന്നുണ്ട്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗബാധ സ്ഥീരികരിച്ച് വന്നാലും ഇവിടെ ചികിത്സയ്ക്കുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.


പാലക്കാട് ജില്ലയിൽ ആദ്യമായാണ് നിപ്പ റിപ്പോർളെട്ട് ചെയ്യുന്നത്. വ്യാജ പ്രചാരണമോ പ്രസ്ഥാവനകളോ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ്പ ബാധിച്ചവരുടെ ആഗോള മരണ നിരക്ക് 70 ശതമാനം മുതൽ 90 ശതമാനം വരെയാണ്. 2018 ലും 2023 ലും കേരളത്തിൽ പകർച്ചവ്യാധി ഉണ്ടായി. 2023 ലെ മരണ നിരക്ക് 33 ശതമാനം ആണെന്നും മന്ത്രി അറിയിച്ചു.


ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത്കുമാർ, അഡീഷണൽ ഡയക്ടർ ഓഫ് ഹെൽത്ത് സർവീസസ് (പൊതുജനാരോഗ്യം) ഡോ.കെ.പി റീത്ത ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ വിദ്യ, ആരോഗ്യ വകുപ്പ് ഉന്നതതല ഉദ്യോഗസ്ഥർ,വിവിധ വകുപ്പ് ഉദ്യാഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home