print edition അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂർ ജോ. ആർടിഒയ‍്ക്ക് സസ്പെൻഷൻ

കെ പി ദിലീപ്
നിലമ്പൂർ : അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലമ്പൂർ ജോയിന്റ് ആർടിഒ കെ പി ദിലീപിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമയുടെ നടപടി. ആർടിഒ പ്രമോഷൻ പട്ടികയിൽ ഒന്നാംസ്ഥാനത്തായിരുന്ന ദിലീപിന് സസ്പെൻഷനോടെ സ്ഥാനക്കയറ്റം നഷ്ടമായി. അരീക്കോട് സ്വദേശിയും പൊതുപ്രവർത്തകനുമായ ഖാദർ മങ്കട നൽകിയ പരാതിയിലൂടെയാണ് കേസിന്റെ തുടക്കം.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗം, അഴിമതി, നിയമാനുസൃത വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതര കാര്യങ്ങൾ പുറത്തുവരുന്നത്. തുടർന്നാണ് കേസ് രജിസ്റ്റർചെയ്തത്. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് സസ്പെൻഷൻ.
നിലമ്പൂർ ആർടിഒ ഓഫീസ് നേരത്തെയും വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഓഫീസ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ പണം കണ്ടെത്തിയത് വിവാദമായിരുന്നു. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരാനും മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് വിവരം.









0 comments