നാടിനുവേണ്ടി ജനം മത്സരിക്കുന്ന തെരഞ്ഞെടുപ്പ്; നമുക്ക് വിജയിക്കാം, ഇടതുപക്ഷത്തോടൊപ്പം: എം സ്വരാജ്

നിലമ്പൂർ: നിലമ്പൂരിൽ നടക്കുന്നത് നാടിനുവേണ്ടി ജനം മത്സരിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ഐക്യദാർഢ്യവുമായി മഹാജനസഞ്ചയമാണ് ഒഴുകിയെത്തിയത്. തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്ക് ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്നതെങ്ങനെയാണെന്നും നിലമ്പൂരിൽ മത്സരിക്കുന്നത് സ്ഥാനാർഥി മാത്രമല്ല ജനങ്ങളും കൂടിയാണെന്നും എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. നവകേരളം യാഥാർത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിലമ്പൂരിലെ ജനങ്ങൾക്ക് ഇടതുപക്ഷത്തോടൊപ്പം വിജയിക്കാമെന്നും എം സ്വരാജ് കുറിച്ചു.
എം സ്വരാജ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മത്സരിക്കുന്നത് സ്ഥാനാർത്ഥി മാത്രമല്ല....
ഐക്യദാർഢ്യവുമായി ഒഴുകിയെത്തിയ മഹാജനസഞ്ചയം
തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്ക് ഇതിലും മനോഹരമായി അടയാളപ്പെടുത്തുന്നതെങ്ങനെ?
ഇവിടെ നിലമ്പൂരിൽ മത്സരിക്കുന്നത് സ്ഥാനാർത്ഥി മാത്രമല്ല.
ജനങ്ങളാണിവിടെ മത്സരിക്കുന്നത്.
അതെ,
നാടിനുവേണ്ടി ജനം മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്.
നാട് വളരണമെന്ന് കാംക്ഷിക്കുന്നവർ.
നവകേരളം യാഥാർത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവർ.
സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികൾ .....
അവരാണിവിടെ മത്സരിക്കുന്നത്.
ഇവിടെ ജനങ്ങൾ മത്സരിക്കുന്നത്
എല്ലാ ജനവിരുദ്ധ ശക്തികൾക്കും എതിരെയാണ് .
നാടിനു വേണ്ടിയുള്ള ജനകീയപോരാട്ടത്തിൽ നമുക്ക് ,
നിലമ്പൂരിലെ ജനങ്ങൾക്ക് വിജയിക്കാം ഇടതുപക്ഷത്തോടൊപ്പം....
- എം സ്വരാജ്.
സ്ഥാനാർഥി പ്രഖ്യാപനം നടന്നതിന് ശേഷം മണ്ഡലത്തിലെത്തിയ എം സ്വരാജിനെ ജനങ്ങൾ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്. നാടിന്റെ വിജയ പതാകയേന്താൻ, വികസനത്തുടർച്ചയ്‌ക്കായി എൽഡിഎഫ് സ്ഥാനാർഥിയായി എം സ്വരാജ് എത്തിയപ്പോൾ ജനങ്ങളും ആവേശത്താൽ ഇളകിമറിഞ്ഞു. വഴിയോരങ്ങളിൽ സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്.
ഞായറാഴ്ച നടക്കുന്ന എൽഡിഎഫ് മണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കൾ, മന്ത്രിമാർ, സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കൺവൻഷനോടെ എൽഡിഎഫിന്റെ ഒദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമാകും. രണ്ടിന് പഞ്ചായത്ത് കൺവൻഷനുകളും, മൂന്ന്, നാല്, അഞ്ച് തിയതികളിൽ ബൂത്ത് കൺവൻഷനുകളും നടക്കും.










0 comments