ഇന്നാണ് ആവേശപ്പെയ്‌ത്ത്; പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം

ഒ വി സുരേഷ്
Published on Jun 17, 2025, 01:39 AM | 1 min read
നിലമ്പൂർ: തുടക്കത്തിൽ നല്ല വെയിൽ, പിന്നെ മഴ, ആവേശം തോരാതെ നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾകൂടി എത്തിയതോടെ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് അന്തരീക്ഷം. 22 ദിവസം മാത്രം ലഭിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. ബുധൻ നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്‌ച ബൂത്തിലേക്ക്. 23ന് ജനവിധി അറിയാം. ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമടങ്ങുന്നതാണ് മണ്ഡലം. കർഷകരും കുടിയേറ്റ ജനതയും ചെറുകിട വ്യാപാരികളും ആദിവാസികളും ഉൾപ്പെട്ട പ്രദേശം. പൂർണമായും മലയോരമേഖല.
യുഡിഎഫിന്റെ മൂന്നര പതിറ്റാണ്ടിന്റെ കുത്തക എൽഡിഎഫ് തകർത്തതാണ് നിലമ്പൂരിന്റെ മുഖച്ഛായ മാറ്റിയത്. ഒമ്പതുവർഷം മുമ്പത്തെ നിലമ്പൂരിനെ ഇന്നത്തേതുമായി താരതമ്യം ചെയ്യാനാകില്ല. നാട്ടുകാരനായ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയായതോടെ യുഡിഎഫ് ക്യാമ്പ് ഞെട്ടി. പ്രതീക്ഷയറ്റ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി കൂടെ കൂട്ടി. ഇക്കാര്യത്തിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിലപാടു പറയണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശത്തിന് മറുപടിയുണ്ടായിട്ടില്ല. മുസ്ലിം ലീഗും മൗനത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉൾപ്പെടെയുള്ള എൽഡിഎഫ് നേതൃത്വമാകെ പ്രചാരണത്തിനെത്തി. പുറമേ മന്ത്രിമാരും ജനപ്രതിനിധികളും. യുഡിഎഫ് പ്രിയങ്ക ഗാന്ധിയെ ഒരുദിവസം എത്തിച്ച് റോഡ് ഷോ നടത്തിയെങ്കിലും പഴയതുപോലെ ജനം ഏറ്റെടുത്തില്ല. ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർഥിയെ കൊടുത്തത് യുഡിഎഫ് ആണെന്നതും കൗതുകമായി. കേരള കോൺഗ്രസ് ജെ നേതാവായ മോഹൻ ജോർജ് ആണ് എൻഡിഎ സ്ഥാനാർഥി. പി വി അൻവർ, എസ്‌ഡിപിഐയുടെ സാദിഖ് നടുത്തൊടിക എന്നിവരടക്കം പത്തുപേരാണ് മത്സരിക്കുന്നത്.









0 comments